പ്രസാദം കഴിച്ച് 12 പേര്‍ മരിച്ച സംഭവം: അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക്

 

ബംഗളൂരു: കര്‍ണാടകത്തിലെ ചാമരാജ് നഗറിലെ ക്ഷേത്രത്തില്‍ നിന്നും പ്രസാദം കഴിച്ച് ഭക്തര്‍ മരിക്കാന്‍ ഇടയായ സംഭവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്ഷേത്ര ഭാരവാഹികളിലേക്ക് നീങ്ങുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര ഭാരവാഹികളില്‍ രണ്ട് പേര്‍ തമ്മിലുള്ള വൈരാഗ്യം മൂലം മനഃപൂര്‍വം പ്രസാദത്തില്‍ വിഷം കലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ സംശയം.
കിച്ചുകുട്ടി മാരിയമ്മന്‍ കോവിലില്‍ നിന്നും പ്രസാദം കഴിച്ച് 12 പേരാണ് മരിച്ചത്. മാരിയമ്മന്‍ കോവിലിലെ ഗോപുരത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പ്രസാദത്തില്‍ കീടനാശിനി കലര്‍ത്തുന്നതിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് അന്വേഷണം ക്ഷേത്രഭാരവാഹികളിലേക്ക് നീങ്ങിയതും ഭാരവാഹികളിലൊരാളായ ചിന്നാപ്പിയെ കസ്റ്റഡിയിലെടുത്തതും. ഇയാളുടെ സഹായിയായ മഹാദേശിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അഞ്ച് പേര്‍ക്ക് കൂടി സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
പ്രസാദം കഴിച്ച് 12 പേര്‍ മരിച്ചതായി സര്‍ക്കാര്‍ വ്യക്തമാക്കി. ആഹാരം കഴിച്ച നാലു പേരുടെ നില അതീവ ഗുരുതരവും 29 പേരുടെ നില ഗുരുതരമാണ്. ആറ് ആസ്പത്രികളിലായാണ് വിഷബാധയേറ്റവരെ പ്രവേശിപ്പിച്ചത്. ഭക്ഷണം കഴിച്ച 104 പേര്‍ക്കാണ് വിഷബാധയേറ്റത്. ഇതില്‍ 12 പേര്‍ മരിച്ചു. ചാമരാജിലെ ജില്ലാ ആസ്പത്രിയില്‍ നിന്ന് 93 പേരെ മൈസൂരുവിലെ വിവിധ ആസ്പത്രികളിലേക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറി. മൈസൂരുവില്‍ ക്യാമ്പ് ചെയ്താണ് മുഖ്യമന്ത്രി കുമാരസ്വാമി ചികിത്സയ്ക്കും അന്വേഷണത്തിനും നിര്‍ദേശം നല്‍കുന്നത്.
ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് വിശ്വാസികള്‍ മരിച്ച സംഭവത്തില്‍ ഉന്നത തല അന്വേഷണം വേണമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രസാദത്തില്‍ നിന്നും വിഷബാധയേറ്റു എന്നത് കേട്ടിട്ടു പോലുമില്ല. സംഭവത്തില്‍ ദുരൂഹതയുണ്ട്. ഇതിനു പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരാന്‍ ഉന്നത തല അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും മരിച്ചവരുടെ ബന്ധുക്കളെയും അദ്ദേഹം സന്ദര്‍ശിച്ചു. കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ഡു റാവു, മന്ത്രിമാരായ ബി. ഇസഡ് സമീര്‍ അഹമ്മദ്, എംഎല്‍എമാര്‍ എന്നിവര്‍ ആസ്പത്രികള്‍ സന്ദര്‍ശിച്ചു.

SHARE