ന്യൂഡല്‍ഹി: അതീവ ഗുരുതരാവസ്ഥയില്‍ ഡല്‍ഹി സൈനിക ആശുപത്രി വെന്റിലേറ്ററില്‍ തുടരുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭാരത് രത്ന ഓര്‍മ്മകള്‍ പങ്കുവെച്ച് മകള്‍ ഷര്‍മിസ്ത മുഖര്‍ജി. കൃത്യം ഒരു വര്‍ഷം മുമ്പാണ് പിതാവിന് ഭാരത് രത്ന സമ്മാനിച്ചതെന്നും എന്നാല്‍ ഇപ്പോള്‍ അദ്ദേഹം ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും, കോണ്‍ഗ്രസ് ദേശീയ വ്യക്താവ് കൂടിയായ ഷര്‍മിസ്ത ട്വിറ്ററില്‍ കുറിച്ചു.
‘കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 8, എന്റെ അച്ഛന് ഭാരത് രത്ന ലഭിച്ചതിനാല്തന്നെ ആ ദിവസം എനിക്ക് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. കൃത്യം ഒരു വര്‍ഷത്തിനുശേഷം അതേ ദിവസം അച്ഛന് ഗുരുതരാവസ്ഥയിലാണ്. ദൈവം എനിക്കുവേണ്ടി ഏറ്റവും നല്ലത് ചെയ്യട്ടെ, ജീവിതത്തിലെ സന്തോഷങ്ങളും സങ്കടങ്ങളും സമത്വത്തോടെ സ്വീകരിക്കാന്‍ എന്നെ ശക്തിപ്പെടുത്തട്ടെ. ക്ഷേമാന്യേഷണങ്ങള്‍ നടത്തിയ എല്ലാവരുടെയും ആശങ്കകള്‍ക്ക് ഞാന്‍ ആത്മാര്‍ത്ഥമായി നന്ദി പറയുന്നു, ഷര്‍മിസ്ത മുഖര്‍ജി ട്വിറ്റ് ചെയ്തു.
കോവിഡ് സ്ഥിരീകരണത്തിനും മസ്തിഷ്ക ശസ്ത്രക്രിയയ്ക്കും പിന്നാലെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നും ആരോഗ്യ നില കൂടുതല്‍ വഷളായതായും ഡല്‍ഹി സൈനിക ആശുപത്രി അറിയിച്ചു. ഇപ്പോള്‍ അദ്ദേഹം വെന്റിലേറ്റര്‍ പിന്തുണയിലാണ്.
പരിശോധനക്കായി ആശുപത്രിയിലെത്തിയ പ്രണബിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് കട്ടപിടിച്ച രക്തം നീക്കം ചെയ്യുന്നതിനായി മസ്തിഷ്ക ശസ്ത്രക്രിയ നടത്തുകയും ചെയ്തു. തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി തിങ്കളാഴ്ച രാവിലെ അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച താനുമായി ഇടപഴകിയവര്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ പോകണമെന്നും കോവിഡ് പരിശോധന നടത്തണമെന്നും 84-കാരനായ അദ്ദേഹം ട്വീറ്റില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷമാണ് മുന്‍ രാഷ്ട്രപതിക്ക് ഇന്ത്യയിലെ പരമോന്നത സിവിലിയന്‍ അവാര്‍ഡ് ഭാരത് രത്ന നല്കി ആദരിച്ചത്. ഇന്ത്യയുടെ പതിമൂന്നാം രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു പ്രണബ് മുഖര്‍ജി. 2012 ജൂലൈ മുതല്‍ 2017 വരെ ഈ പദവിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.