പ്രണബ് മുഖര്‍ജിയുടെ നില ഗുരതുരമായി തുടരുന്നു; ഹീമോഡൈനാമിക്കലി സുസ്ഥിരമെന്ന് ആശുപത്രി-മരിച്ചെന്ന പ്രചാരണത്തിനെതിരെ മക്കള്‍

ന്യൂഡല്‍ഹി: കോവിഡ് സ്ഥിരീകരണത്തിന് പിന്നാലെ തലച്ചോറില്‍ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി മരിച്ചെന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ കുടുംബം. പിതാവ് ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം മരിച്ചെന്നുള്ള വാര്‍ത്തകള്‍ വ്യാജമാണെന്നും മക്കളായ ശര്‍മിസ്ത മുഖര്‍ജിയും അഭിജിത്ത് മുഖര്‍ജിയും ട്വിറ്ററിലൂടെ വ്യക്തമാക്കി.

പ്രണബ് മരിച്ചെന്ന വാര്‍ത്തകള്‍ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയും തള്ളി. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് ശസ്‌ത്രക്രിയക്ക് വിധേയനായ പ്രണബ് മുഖർജിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ”ശ്രീ പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇപ്പോള്‍ വെന്റിലേറ്ററിലാണെന്നും അദ്ദേഹത്തിന് ഹീമോഡൈനാമിക്കലി സ്ഥിരതയുള്ളതായും,” ആശുപത്രിയില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു. ഒരു വ്യക്തിയുടെ ഹൃദയം സ്ഥിരമായി രക്തം പമ്പ് ചെയ്യുകയും രക്തയോട്ടം സ്ഥിരമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഹീമോഡൈനാമിക് സ്ഥിരത.

‘അദ്ദേഹം മരിച്ചതായുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ഇക്കാര്യം അറിയാനും വിവരങ്ങള്‍ തേടാനും എന്റെ ഫോണിലേക്ക് ആരും വിളിക്കരുത്. അദ്ദേഹം ആശുപത്രിയിലായതിനാല്‍ അപ്പപ്പോഴുള്ള വിവരങ്ങളറിയാന്‍ എന്റെ ഫോണ്‍ ഫ്രീയായി വെയ്‌ക്കേണ്ടതുണ്ട്, കോണ്‍ഗ്രസ് ദേശീയ വ്യക്താവ് കൂടിയായ മകള്‍ ഷര്‍മ്മിഷ്ത ട്വീറ്റ് ചെയ്തു.

പിതാവ് ഇപ്പോഴും ജീവനോടെയുണ്ടെന്ന് മകന്‍ അഭിജിത്ത് മുഖര്‍ജി വ്യക്തമാക്കി. ‘ എന്റെ പിതാവ് ഇപ്പോഴും ജീവനോടെയുണ്ട്. നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകളോടും കൂടി, എന്റെ പിതാവ് ഇപ്പോള്‍ ഹീമോഡൈനാമിക്കലി സ്ഥിരതയുള്ളവനാണ്. വേഗത്തില്‍ സുഖം പ്രാപിക്കാന്‍ നിങ്ങളുടെ പ്രാര്‍ത്ഥനകളും ആശംസകളും തുടരാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തിന്റെ മരണം സംഭവിച്ചുവെന്ന വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഊഹാപോഹങ്ങളാണ് ഇത്തരക്കാര്‍ പങ്കുവെക്കുന്നത്. രാജ്യത്തെ മാധ്യമരംഗം വ്യാജവാര്‍ത്താ ഫാക്ടായി മാറിക്കൊണ്ടിരിക്കുന്നു എന്നതിന്റെ സൂചയാണ് ഇത്തരം പ്രചാരണങ്ങള്‍’് അദ്ദേഹം പറഞ്ഞു.