‘നിങ്ങള്‍ വലിയ മനുഷ്യനല്ലേ, എന്താണ് മിണ്ടാതിരിക്കുന്നത്’; ബച്ചനോട് പ്രകാശ് രാജ്

ബാംഗളൂരു: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ആര്‍.എസ്.എസ് അക്രമത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ സഹപ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത് നടന്‍ പ്രകാശ് രാജ്. കഠ്‌വ, ഉന്നാവോ കേസുകളില്‍ രാജ്യത്തെ മുതിര്‍ന്ന ബോളിവുഡ് താരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി സംസാരിക്കുകയായിരുന്നു പ്രകാശ് രാജ്. മുന്‍ ‘ഔട്ട്‌ലുക്ക്’ എഡിറ്റര്‍ കൃഷ്ണപ്രസാദുമായുള്ള അഭിമുഖത്തിലാണ് പ്രകാശ് രാജ് അമിതാഭ് ബച്ചനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.

നിങ്ങളൊരു വലിയ മനുഷ്യനാണ് സാര്‍, നിങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു, നിങ്ങള്‍ മൗനം വെടിഞ്ഞ് സംസാരിക്കൂവെന്ന് അമിതാഭ് ബച്ചനോട് പ്രകാശ് രാജ് പറഞ്ഞു. ‘നിങ്ങളൊരു വലിയ മനുഷ്യനാണ് സാര്‍, നിങ്ങളെ ഞങ്ങള്‍ ബഹുമാനിക്കുന്നു. രാജ്യം അപകടകരമായ അവസ്ഥയില്‍ നില്‍ക്കുമ്പോള്‍ നിങ്ങളെന്ത് കൊണ്ട് മൗനം പാലിച്ചുവെന്ന് പുതിയ തലമുറ നിങ്ങളോട് ചോദിക്കാന്‍ ഇടവരുത്തരുത്. നിങ്ങളുടെ ശബ്ദം ശക്തമാണ്. നിങ്ങള്‍ ഈ അനീതിക്കെതിരെ ശബ്ദിക്കൂ. ദയവായി എന്നോട് പ്രായമായെന്നോ മറ്റോ തരത്തിലുള്ള ഒഴികഴിവ് പറയരുത്. നിങ്ങള്‍ വിവേകിയും അറിവുള്ളയാളുമാണ്. ഞങ്ങള്‍ക്ക് നിങ്ങളുടെ ശബ്ദം ആവശ്യമാണ്. നിങ്ങളില്‍ നിന്നും ഒന്നും നേടാനല്ല ഇത് പറയുന്നത്. നിങ്ങളുടെ മൗനം അവരെ പിന്തുണക്കുന്നുവെന്നും കരുതുന്നില്ല. നിങ്ങള്‍ ശബ്ദമുയര്‍ത്താതിരിക്കുന്നത് ഈ സമൂഹത്തോട് ചെയ്യുന്ന അനീതിയാണ്’; പ്രകാശ് രാജ് പറഞ്ഞു.

താങ്കള്‍ക്ക് സംസാരിക്കാനും സംസാരിക്കാതിരിക്കാനും അവകാശമുണ്ട്. എന്നാല്‍ നിരവധി സമയങ്ങളില്‍ നിങ്ങള്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. നിങ്ങളെന്താണ് ഇപ്പോള്‍ മിണ്ടാതിരിക്കുന്നത്. ഇതൊരു കുട്ടിയാണ്. ചിലപ്പോള്‍ ഇതെന്റെ മകളായിരിക്കാം, അല്ലെങ്കില്‍ ആരുടേയെങ്കിലും മകളായിരിക്കാം. എങ്കിലും എന്തുകൊണ്ടാണ് നിശബ്ദനായിരിക്കുന്നതെന്നും കഠ് വ കേസിലെ ബച്ചന്‍ നിശബ്ദനാണെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് രാജ് പറഞ്ഞു.

ബോളിവുഡിലെ മിക്ക താരങ്ങളും സാമൂഹികഉത്തരവാദിത്തങ്ങളില്‍ നിന്ന് അകലം പാലിക്കുന്നത് ലജ്ജാകരമാണെന്ന് പ്രകാശ് രാജ് പറഞ്ഞു. നിങ്ങള്‍ ഉണരൂ, നിങ്ങളുടെ സഹതാരങ്ങളോടും പറയൂ. അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആഹ്വാനം ചെയ്യൂ. സിനിമയില്‍ ഹീറോ ആകുന്നതല്ല യഥാര്‍ത്ഥത്തിലുള്ള നേട്ടം. വ്യത്യസ്തമായുള്ള ജീവിതം നയിക്കാന്‍ കഴിയണം. തന്റെ സഹപ്രവര്‍ത്തകരായ താരങ്ങള്‍ക്ക് അവരുടെ ചുറ്റുപാടുകളെക്കുറിച്ച് ഒട്ടും ധാരണയില്ല. ആരാണ് അവരുടെ എം.എല്‍.എ എന്നും ആരാണ് അവരുടെ എം.പിയെന്നും അവര്‍ക്ക് ധാരണയില്ലെന്നും പ്രകാശ് രാജ് വിമര്‍ശിച്ചു.