‘എന്റെ ശബ്ദം കൂടുതല്‍ ശക്തമാകും’; തന്നെ വധിക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്

ബെംഗളൂരു: ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ തന്നേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ പ്രകാശ് രാജ്. ഈ വാര്‍ത്തകള്‍ വധഭീഷണയില്‍ ഭയമില്ലെന്നും തന്റെ ശബ്ദം കരുത്തുള്ളതാക്കുക മാത്രമേയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ട്വിറ്ററിലൂടെ പ്രതികരിച്ച അദ്ദേഹം തന്നെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ മാധ്യമ വാര്‍ത്തകളടക്കം ട്വീറ്റില്‍ പങ്കുവെച്ചായിരുന്നു പ്രകാശ് രാജ് നിലപാട് വ്യക്തമാക്കിയത്.

എതിര്‍ ശബ്ദങ്ങളെ നിശബ്ദമാക്കാനുള്ള ശ്രമങ്ങള്‍ നിങ്ങള്‍ ഇനിയും തുടരൂ, തന്റെ ശബ്ദം ഇനിയും കരുത്തുള്ളാവും. ഭീരുക്കളെ, ഇത്തരത്തിലുള്ള വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും എന്നാണോ നിങ്ങള്‍ കരുത്തുന്നത്. പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കുമെതിരെ നിരന്തരം പൊതുവേദികളില്‍ വിമര്‍ശിക്കുന്ന പ്രകാശ് രാജിനെ വധിക്കാന്‍ ഗൗരി ലങ്കേഷിന്റെ ഘാതകര്‍ പദ്ധതിയിട്ടിരുന്നുവെന്നായിരുന്നു എസ്.ഐ.ടിയുടെ കണ്ടെത്തല്‍. ജ്ഞാനപീഠ ജേതാവായ ഗിരീഷ് കര്‍ണാഠിനേയും വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഘ്പരിവാര്‍ രാഷ്ട്രിയനിലപാടുകള്‍ക്കെതിരെ വിരുദ്ധ നിലപാട് സ്വീകരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5ന് അവരുടെ വീടിന് മുന്നില്‍വെച്ച് ബൈക്കിലെത്തിയ അക്രമികള്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. സംഭവം രാജ്യമൊട്ടാകെ വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.