മോദിയുടെ ഇന്ത്യയെ തുറന്നുകാട്ടി പ്രകാശ് രാജ്

ബെംഗളൂരു: മോദി ഭരണത്തെ തുറന്നുകാട്ടി നടന്‍ പ്രകാശ് രാജ്. തങ്ങളുടെ അവകാശങ്ങള്‍ക്കായി കര്‍ഷകരും വിദ്യാര്‍ഥികളും ദളിതരും തെരുവില്‍ സമരം ചെയ്യുമ്പോള്‍ മോദിയും കൂട്ടരും അതിനൊന്നും പരിഹാരം കാണാതെ മറ്റു കാര്യങ്ങളില്‍ വ്യാപൃതരാണെന്ന് പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ രക്തം വാര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ഭരിക്കുന്നവര്‍ ചരിത്രം തിരുത്താനും എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്താനും സത്യങ്ങളെ വളച്ചൊടിക്കാനുമുള്ള തിരക്കിലാണെന്ന് പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.

എസ്.സി/എസ്.ടി പീഡന നിരോധന നിയമം ഭേദഗതി ചെയ്യാനുള്ള ഉത്തരവില്‍ പ്രതിഷേധിച്ച് ഉത്തരേന്ത്യയില്‍ ദളിത് സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമ്പത് പേരാണ് പോലീസ് വെടിവെപ്പില്‍ മരിച്ചത്. സി.ബി.എസ്.ഇ, എസ്.എസ്.സി പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതിനെതിരെ വിദ്യാര്‍ഥികളും സമരത്തിലാണ്. ഇതിനൊന്നും ഫലപ്രദമായ പരിഹാരം കാണാന്‍ മോദി സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

SHARE