കോവിഡ്19; രണ്ട് വര്‍ഷത്തേക്ക് ഇനി എം.പി ഫണ്ട് നല്‍കില്ലെന്ന് പ്രകാശ് ജാവദേക്കര്‍


കൊവിഡ് പ്രതിരോധത്തിന് സാമ്പത്തിക ക്രമീകരണവുമായി കേന്ദ്രസര്‍ക്കാര്‍. രണ്ട് വര്‍ഷത്തേക്ക് എംപി ഫണ്ട് നല്‍കില്ല. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ഗവര്‍ണര്‍മാരുടെയും ശമ്പളം വെട്ടിക്കുറക്കും. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളവും കൊവിഡ് പ്രതിരോധ പദ്ധതിക്കായി ഉപയോഗിക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് ഇക്കാര്യം അറിയിച്ചത്.

പാര്‍ലമെന്റ് പാസാക്കിയിട്ടുള്ള ബില്ലുകളുടെ അടിസ്ഥാനത്തിലാണ് എംപിമാരുടെ ശമ്പളം കാലാകാലങ്ങളില്‍ പരിഷ്‌കരിക്കുന്നത്. ഈ ബില്ല് ഭേദഗതി ചെയ്ത് ഉടന്‍ ഓര്‍ഡിനന്‍സ് ഇറക്കും. എംപിമാരുടെ ശമ്പളത്തില്‍ 30 ശതമാനം കുറവ് വരുത്താനാണ് തീരുമാനം എടുത്തിരിക്കുന്നത്. അതേസമയം, ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ച് കേന്ദ്രമന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

കൊവിഡ് പശ്ചാത്തലത്തില്‍ ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത നേരിടുന്നതിനുള്ള ഒരു മാതൃക എന്ന നിലയിലാണ് പുതിയ തീരുമാനം.

SHARE