തീവ്രവാദി ഗോ ബാക്ക്; പ്രഗ്യാ സിങിനോട് വിദ്യാര്‍ത്ഥികള്‍

ഭോപ്പാല്‍: മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യ സിങ് താക്കൂറിനെതിരെ ഗോ ബാക്ക് വിളിച്ച് സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍. ഭോപ്പാലിലെ മഖന്‍ലാല്‍ ചതുര്‍വേദി കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളാണ് പ്രഗ്യയ്‌ക്കെതിരെ രംഗത്തെത്തിയത്. ബുധനാഴ്ചയായിരുന്നു സംഭവം.

സര്‍വകലാശാലയ്‌ക്കെതിരെ പ്രതിഷേധ ധര്‍ണ നടത്തുന്ന ജേണലിസം ആന്റ് കമ്മ്യൂണിക്കേഷന്‍സ് വിഭാഗത്തിലെ രണ്ട് വിദ്യാര്‍ത്ഥിനികളെ ക്യാമ്പസില്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു പ്രഗ്യാ സിങ്. ഹാജര്‍ നില കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ എഴുതാന്‍ സര്‍വകലാശാല അധികൃതര്‍ അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് വിദ്യാര്‍ത്ഥിനികള്‍ ധര്‍ണ നടത്തുന്നത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ക്ലാസില്‍ പോകാതിരുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വകുപ്പ് മേധാവിക്കെതിരെ മോശം പെരുമാറ്റത്തിന് പരാതിയും നല്‍കിയിരുന്നു.

അതേസമയം പ്രഗ്യ ക്യാമ്പസില്‍ പ്രവേശിച്ചതോടെ തീവ്രവാദി പുറത്തു പോകൂവെന്ന മുദ്രവാക്യം മുഴക്കി മറ്റ് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തുകയായിരുന്നു. നാഷ്ണല്‍ സ്റ്റുഡന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എന്‍എസ്.യുഐ) പ്രവര്‍ത്തകരാണ് പ്രതിഷേധം നടത്തിയതെന്ന് പ്രഗ്യ ആരോപിച്ചു. ഒരു എം.പിയെ ആണ് അവര്‍ തീവ്രവാദി എന്ന് വിളിച്ചത്. ഇത് അപമര്യാദയും നിയമവിരുദ്ധവുമാണ്. അവരെല്ലാം രാജ്യദ്രോഹികളാണ്. ഇക്കാര്യത്തില്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പ്രഗ്യ സിങ് പറഞ്ഞു.