എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു; അവരെ ഞാന്‍ കണ്ടാല്‍ തല്ലും- നയന്‍താരയ്‌ക്കെതിരെ പ്രഭുദേവയുടെ മുന്‍ ഭാര്യ

ചെന്നൈ: തമിഴിലിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയ്‌ക്കെതിരെ നടന്‍ പ്രഭുദേവയുടെ ആദ്യ ഭാര്യ റംലത്ത് എന്ന ലത. തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുത്തു എന്നും അവരെ കണ്ടാല്‍ തല്ലുമെന്നും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ലതയുമായുള്ള ദാമ്പത്യബന്ധത്തിനിടെയാണ് പ്രഭുദേവ നയന്‍താരയുമായി പ്രണയത്തിലായത്. ദീര്‍ഘകാലം പ്രണയത്തിലായിരുന്ന ഇവര്‍ പിന്നീട് വേര്‍പിരിഞ്ഞു. ഇതിനിടെ, ലതയും പ്രഭുദേവയും തമ്മില്‍ വിവാഹ മോചിതരാകുകയും ചെയ്തു.

പ്രഭുദേവയ്ക്കൊപ്പം നയന്‍താര

‘മറ്റൊരാളുടെ ഭര്‍ത്താവിനെ നിയമപരമല്ലാതെ തട്ടിയെടുക്കുന്ന സ്ത്രീകളെ ശിക്ഷിക്കണം. എന്റെ ഭര്‍ത്താവിനെ തട്ടിയെടുത്തു എന്ന കാരണത്തില്‍ നയന്‍താരയെ അറസ്റ്റ് ചെയ്യാന്‍ ഞാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചിരുന്നതാണ്. ആ നടിയെ എവിടെ വച്ചെങ്കിലും ഞാന്‍ കാണുകയാണ് എങ്കില്‍ ഉറപ്പായും അവിടെ വച്ച് തല്ലും. ഒരു മോശം സ്ത്രീക്കുള്ള ഉദാഹരണമാണ് അവര്‍’ – ലത പറഞ്ഞു.

‘പ്രഭുദേവ ദയയുള്ളവനും ആത്മാര്‍ത്ഥതയുള്ളവനുമായിരുന്നു. എന്നെ പതിനഞ്ചു വര്‍ഷം പരിപാലിച്ചില്ലേ. പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ സ്വഭാവം എനിക്ക് ഞെട്ടലുണ്ടാക്കുന്നു’ – അവര്‍ കൂട്ടിച്ചേര്‍ത്തു.

വിഘ്നേശ് ശിവനൊപ്പം നയന്‍താര

1995ലാണ് പ്രഭുദേവ ലതയെ വിവാഹം കഴിച്ചത്. മുസ്‌ലിമായിരുന്ന ഇവര്‍ വിവാഹത്തിനായി മതം മാറുകയായിരുന്നു. 2012ലാണ് നയന്‍താരയുമായുള്ള പ്രഭുദേവയുടെ പ്രണയം തകരുന്നത്. പ്രണയം തലയ്ക്കു പിടിച്ച കാലത്ത് നയന്‍സ് പ്രഭു എന്ന കൈയില്‍ പച്ച കുത്തിയിരുന്നു. കുറേക്കാലം അത് കൈയില്‍ കൊണ്ടു നടക്കുകയും ചെയ്തിരുന്നു.

പ്രഭുവിന് ശേഷം വിഘ്‌നേശ് ശിവനുമായി പ്രണയത്തിലാണിപ്പോള്‍ താരം. ഇവരുടെ വിവാഹം അടുത്തു തന്നെ ഉണ്ടാകും എന്നാണ് കോളിവുഡിലെ സംസാരം.