‘അമിത് ഷായുടെ വരവ് വെറും പ്രഹസനം’; ബി.ജെ.പി ദേശീയ അധ്യക്ഷനെതിരെ പി.പി മുകുന്ദന്‍

തിരുവനന്തപുരം: സംസ്ഥാന പ്രസിഡന്റിനെ ചൊല്ലി ബി.ജെ.പിയില്‍ തര്‍ക്കം രൂക്ഷമാകുന്നതിനിടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍.

നിലവിലെ സാഹചര്യത്തില്‍ ബി.ജെ.പിയുടെ നേതൃപദവിയിലേക്ക് വരാന്‍ താല്‍പര്യമില്ലെന്ന് പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട മുകുന്ദന്‍ പ്രതികരിച്ചു. മുകുന്ദനെ പാര്‍ട്ടി നേതൃപദവിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ദേശീയ നേതൃത്വം ആലോചിക്കുന്നുവെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ആനയെപ്പോലെയാണ്. നല്ല തോട്ടി ആവശ്യമാണ്. അമിത് ഷായുടെ കേരളത്തിലേക്കുള്ള വരവ് പോലും പ്രഹസനമാണ്. തന്നെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. തന്നോട് ആരും ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല.

പാര്‍ട്ടിക്കുള്ളില്‍ ഒരു വിഷയത്തെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നതാണ് പാര്‍ട്ടിയുടെ വലിയ പോരായ്മ. താന്‍ പോലുമറിയാതെയാണ് തന്നെ ഗവര്‍ണറാക്കിയതെന്നു കുമ്മനം രാജശേഖരന്‍ തന്നെ പറഞ്ഞിരുന്നു. വോട്ടെടുപ്പിനു തൊട്ടു മുമ്പായി അധ്യക്ഷ സ്ഥാനത്തു നിന്നും അദ്ദേഹത്തെ നീക്കിയത് വലിയ തെറ്റായിരുന്നു. ഈ വികാരം തന്നെയാണ് ആര്‍.എസ്.എസ് നേതൃത്വവും പ്രകടിപ്പിച്ചതെന്ന് മുകുന്ദന്‍ പറഞ്ഞു.

മീന്‍ പിടിക്കുന്ന വലയുടെ കെട്ട് പൊട്ടിയതു പോലെയാണ് നിലവില്‍ പാര്‍ട്ടിയുടെ അവസ്ഥ. ഒരു ഭാഗത്തു കൂടി മത്സ്യമെല്ലാം ചോര്‍ന്നുപോകുകയാണ്. അതുപോലെയാണ് ബി.ജെ.പിയുടെയും അവസ്ഥ. അണികള്‍ ഒരു ഭാഗത്തു കൂടി ചോര്‍ന്നു പോകുന്നതു നേതൃത്വം അറിയുന്നില്ല.

അണികളുടെ മനസ്സ് നേതൃത്വം കാണാതിരുന്നില്‍ വലിയ അപകടം ചെയ്യുമെന്നും അദ്ദേഹം മനോരമ ഓണ്‍ലൈനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാര്‍ട്ടി നേതൃത്വത്തിന് ഒളിച്ചോടല്‍ മനോഭാവമാണ്. അമിത് ഷായുടെ ഈ വരവ് തന്നെ കണ്ടില്ലേ? ഒരുപാട് കാര്യപരിപാടികളാണ്. വന്നു കുറെ പേരെ കണ്ടു മടങ്ങുന്നതിനേക്കാള്‍ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ല. അമിത് ഷായുടെ വരവിനെ വെറും പ്രഹസനമായാണ് കാണുന്നതെന്നും മുകുന്ദന്‍ പറഞ്ഞു.

SHARE