പൊതിച്ചോറില്‍ നൂറു രൂപ; ആ കരുതലിന്റെ ഉടമ ഇവിടെയുണ്ട്…

കൊച്ചി: പൊതിച്ചോറു തുറന്നുനോക്കിയപ്പോഴാണ് നൂറ് രൂപ കണ്ടത്. ആ നൂറ് രൂപയങ്ങനെ സാമൂഹ്യമാധ്യമങ്ങളിലും പരന്നു. ചെല്ലാനത്ത് കടല്‍ കെടുതിയിലായവര്‍ക്കായി പൊതിച്ചോറില്‍ നൂറു രൂപവച്ചത് കുമ്പളങ്ങിക്കാരിയായ മേരി സെബാസ്റ്റ്യനാണ്. സംംഭവം പരന്നതോടെ അവരെതേടി ആളുകളെത്തി.

‘തണുപ്പല്ലേ, എന്റെ പൊതി കഴിക്കുന്ന കുടുംബത്തിന് രണ്ടു ദിവസം ചായകുടിക്കാന്‍ ഇത് ഇതിരിക്കട്ടെ എന്നു മാത്രമാണ് കരുതിയത്. ഇത് ആരെയും അറിയിക്കാതെ വേണമെന്നു കരുതിയെങ്കിലും ഇപ്പോ എല്ലാവരും അറിഞ്ഞു. സിഐ സാറ് വന്നു സമ്മാനം നല്‍കി. സംഗതി വാര്‍ത്തയായതോടെ പള്ളികളില്‍ നിന്ന് ഒരുപാട് അച്ചന്‍മാര്‍ വിളിച്ചു.’മേരി സെബാസ്റ്റ്യന്‍ പറഞ്ഞു.

തണുപ്പുകാലമായാല്‍ ഞാന്‍ ഇടയ്ക്ക് ഓരോ ചായ കുടിക്കും. കുമ്പളങ്ങിയില്‍ ദുരിതത്തിലുള്ള ഒരാള്‍ക്കെങ്കിലും ചായകുടിക്കാന്‍ സഹായകമാകുമല്ലോ, ചോറ് പൊതി കെട്ടിക്കഴിഞ്ഞപ്പോള്‍ മോനോടു പറഞ്ഞു ഒരു കപ്പലണ്ടി വാങ്ങാന്‍. അതിലെ കപ്പലണ്ടി എടുത്ത ശേഷം നൂറു രൂപ വച്ച് സെല്ലോടേപ്പ് ഒട്ടിച്ചാണ് ചോറിനൊപ്പം വച്ചത്. അല്ലെങ്കില്‍ നനവ് പടര്‍ന്നാലോ?
സംഗതിയറിഞ്ഞ് വാര്‍ത്തക്കാരൊക്കെ എത്തിയപ്പോള്‍ വെള്ളത്തിലൂടെയാണ് വീട്ടിലെത്തിയത്. കഴിഞ്ഞ തവണ അടുക്കളയിലും മുറികളിലും വെള്ളം കയറി, കോലായില്‍ മാത്രം വെള്ളം കയറിയില്ല. കടല്‍ കയറി നില്‍ക്കുമ്പോള്‍ ഞങ്ങളെല്ലാം ഇത് അനുഭവിക്കുന്നതാണ്. ചെല്ലാനത്ത് രോഗം കൂടി ഉള്ളതിനാല്‍ അവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടാകും. പിന്നെ ഞങ്ങള്‍ കുമ്പളങ്ങിക്കാര്‍ ഉള്ളതില്‍ ഒരു പങ്ക് വരുന്നവര്‍ക്കും കൊടുക്കും. അത് ഭക്ഷണമായാലും.’- മേരിയുടെ വാക്കുകളില്‍ നിറഞ്ഞ സന്തോഷം.

മേരി കാറ്ററിങ് പണികള്‍ക്ക് പോകുന്നുണ്ട്. കുറേനാള്‍ പണിയില്ലായിരുന്നു. കഴിഞ്ഞമാസം 15 ദിവസം പണി കിട്ടി. അതില്‍ നിന്ന് കുറച്ചു പൈസ കിട്ടിയതില്‍ നിന്നാണ് ഇത് നല്‍കിയത്. ഭര്‍ത്താവ് സെബാസ്റ്റ്യന് വള്ളം നിര്‍മിക്കുന്ന പണിയാണ്. ഇപ്പോള്‍ പണിയില്ലാത്ത സമയവും. മക്കളുടെ രണ്ടു പേരുടെയും വിവാഹം കഴിഞ്ഞു. ‘എന്റെ അമ്മയെക്കുറിച്ച് നിറയെ അഭിമാനമാണ്’ എന്ന് മകന്‍ സെബിന്‍ ഇന്നലെ ഫെയ്‌സ്ബുക്കിലെഴുതിയിരുന്നു.

SHARE