പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം; ക്രമക്കേട് നടന്നതായി ഇന്റലിജന്‍സ്

പൊലീസ് അസോസിയേഷന്‍ പോസ്റ്റല്‍ വോട്ടില്‍ ഇടപെട്ടതിലെ ക്രമക്കേട് സ്ഥിരീകരിച്ച് ഇന്റലിജന്‍സ് മേധാവി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കി. വോട്ട് ചെയ്യുന്നതിനു മുന്‍പും ശേഷവും പൊലീസ് അസോസിയേഷന്‍ ഇടപെട്ടു. ബാലറ്റ് ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുകാര്‍ക്കെതിരെ നടപടിക്കും ശുപാര്‍ശ. ഭീഷണി മൂലം പലരും മൊഴി നല്‍കുന്നില്ലെന്നും വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ ഇടപെട്ട് പോലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ ശേഖരിച്ച് കള്ളവോട്ടാക്കുന്നതായി കഴിഞ്ഞ ദിവസമാണ് ആരോപണമുയര്‍ന്നത്. പോസ്റ്റല്‍ ബാലറ്റുകള്‍ പോലീസ് അസോസിയേഷന്‍ നേതാക്കള്‍ക്ക് നല്‍കാന്‍ നിര്‍ദേശം നല്‍കുന്നതായും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരാണ് ഇതിന് നേതൃത്വം നല്‍കുന്നതെന്നുമായിരുന്നു ആരോപണം. സ്ഥലംമാറ്റുമെന്ന് ഭീഷണിപ്പെടുത്തി പോലീസുകാരില്‍ നിന്നും പോസ്റ്റല്‍ ബാലറ്റുകള്‍ അസോസിയേഷന്‍ നേതാക്കള്‍ ശേഖരിച്ച് വോട്ടു ചെയ്യുകയാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.ഇതു സംബന്ധിച്ച് തിരുവനന്തപുരത്തെ പോലീസുകാരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടന്നതെന്നു കരുതുന്ന സംഭാഷണവും പുറത്തുവന്നിരുന്നു. പൊലീസ് അസോസിയേഷന്റെ എല്ലാ പ്രസ്താവനകളും തള്ളുന്നതാണ് നിലവിലെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.