മാസ്‌ക് അണിഞ്ഞ് സാധനം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന പോര്‍ച്ചുഗല്‍ പ്രസിഡന്റ്; വൈറലായി ചിത്രങ്ങള്‍


മാസ്‌ക് ധരിച്ച് സാമൂഹിക അകലം പാലിച്ച് കടയില്‍ സാധനം വാങ്ങാന്‍ ക്യൂ നില്‍ക്കുന്നത് സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. എന്നാല്‍ രാഷ്ട്രത്തിന്റെ പ്രസിഡന്റ് തന്നെ ഈ രീതിയില്‍ സാധനം വാങ്ങാന്‍ എത്തിയാലോ?

ചിന്തിക്കാന്‍പോലും കഴിയുന്നില്ല അല്ലേ? എന്നാല്‍ ഇത്തരത്തിലൊരു ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. ചിത്രം മറ്റൊന്നുമല്ല, ലോക്ക്ഡൗണില്‍ ഇളവ് നല്‍കിയതോടെ പോര്‍ച്ചുഗല്‍ പ്രസിഡന്റ് മാര്‍സെലോ റെബേലോ ഡിസൂസ സാധനം വാങ്ങാന്‍ നേരിട്ടെത്തി. സാധാരണക്കാര്‍ക്കൊപ്പം സാധനം വാങ്ങാന്‍ അദ്ദേഹം ക്യൂ നില്‍ക്കുന്നതിന്റെ ചിത്രമാണ് വൈറലാകുന്നത്. ലിസ്ബന് സമീപമുള്ള കസ്‌കയിസ് മുനിസിപ്പാലിറ്റിയിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് പ്രസിഡന്റ് സാധനം വാങ്ങാന്‍ ക്യൂ നിന്നത്.

കൊറോണയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന് പോര്‍ച്ചുഗല്‍ മെയ് മൂന്നു മുതല്‍ ഇളവ് നല്‍കിയിരുന്നു. ആഴ്ചകള്‍ നീണ്ട പൂട്ടിയിടലിനു ശേഷം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെ ഇവിടെ തുറന്നിട്ടുണ്ട്.

കോവിഡ് -19 നിയന്ത്രണങ്ങള്‍ ക്രമേണ ലഘൂകരിച്ച് സാധാരണ നിലയിലേക്ക് പോകുന്നതിന്റെ സന്ദേശങ്ങള്‍ റെബേലോ ഡി സൂസയും പ്രധാനമന്ത്രി അന്റോണിയോ കോസ്റ്റയും നല്‍കിയിരുന്നു. സാവോ ഡൊമിംഗോസ് ഡി ബെന്‍ഫിക്കയിലെ ഒരു പേസ്ട്രി ഷോപ്പില്‍ കോസ്റ്റ പ്രഭാതഭക്ഷണം ആസ്വദിക്കുന്നതിന്റെ ചിത്രങ്ങള്‍ തിങ്കളാഴ്ച പുറത്തുവന്നിരുന്നു.

പ്രധാനമന്ത്രി കോസ്റ്റയും പാര്‍ലമെന്റ് സ്പീക്കറുമായ എഡ്വേര്‍ഡോ ഫെറോ റോഡ്രിഗസും ലിസ്ബണിലെ ഒരു റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തു വന്നിരുന്നു. 1247 പേരാണ് പോര്‍ച്ചുഗലില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 29,660 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

SHARE