കുട്ടികള്‍ പോണ്‍ സൈറ്റുകളിലെന്ന് പഠനം; വിഷയം തുറന്നുകാട്ടി ന്യൂസിലാന്റ് സര്‍ക്കാര്‍-വീഡിയോ വൈറല്‍

ഇന്റെര്‍നെറ്റിന്റെയും ഇലക്ടോണിക് ഉപകണങ്ങളുടെയും വര്‍ച്വര്‍ ലോകത്ത് നിന്നും കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്റ് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിന്നും രക്ഷിതാക്കളറിയാതെ കുട്ടികള്‍ പോണ്‍ സൈറ്റുകളിലേക്കും മറ്റും വഴുതിവീഴുന്ന കാര്യം തുറന്നുകാട്ടി ന്യൂസിലാന്റ് സര്‍ക്കാര്‍ പുറത്തിക്കിയ ‘കീപ് ഇറ്റ് റിയല്‍ ഓണ്‍ലൈന്‍’ ക്യാമ്പയിനാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇതില്‍ കുട്ടികളുടെ പോണ്‍ സൈറ്റുകളുടെ ഉപയോഗത്തെ സംബന്ധിച്ച വീഡിയോ ഇതിനകം ലോകവ്യാപകമായി വൈറലായിരിക്കുകയാണ്. നഗ്‌നരായെത്തിയ രണ്ട് പോണ്‍ താരങ്ങള്‍ ഒരു കിവി കുടുംബത്തിലേക്ക് ചെല്ലുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. കൗമാരപ്രായത്തിലേക്കെത്തുന്ന മകന്റെയോ മകളുടെയോ രക്ഷിതാവ് നിങ്ങള്‍ വാതില്‍ തുറന്നു നോക്കുമ്പോള്‍ മക്കളെ കാണാനായി വീടിന്റെ മുന്നില്‍ പോണ്‍ താരങ്ങള്‍ എത്തിയ കാഴ്ചയിലാണ്, ഈ വൈറല്‍ വിഡിയോ പ്രസക്തമാവുന്നത്.

പ്രായപൂര്‍ത്തിയാവാത്ത മകന്‍ വീട്ടില്‍ ഇരുന്ന് കാണുന്നതെന്താണെന്ന് രക്ഷിതാവിനെ അറിയിക്കുകയാണ് അവരുടെ ലക്ഷ്യം. പോണ്‍ കാണുന്നതായി അവന്റെ അമ്മയെ അറിയിക്കുന്നതോടെ ഞെട്ടുന്ന അമ്മയോട്, തങ്ങളെ പലരും ഇങ്ങനെ ഓണ്‍ലൈന്‍ ആയി കാണുന്നുണ്ടെന്നും എന്നാല്‍ നിങ്ങളുടെ മകന്‍ വെറുമൊരു കുട്ടിയാണെന്നുമാണ് അവര്‍ പറയുന്നത്

ലാപ്‌ടോപ്പ്, ഐപാഡ്, പ്‌ളേസ്റ്റേഷന്‍, അവന്റെയും അമ്മയുടെയും ഫോണ്‍, സ്മാര്‍ട്ട് ടി.വി. പ്രൊജക്ടര്‍ എന്നിവയിലൂടെയാണ് മകന്‍ തങ്ങളെ കാണുന്നതെന്ന കാര്യം അവര്‍ രക്ഷിതാവിനെ അറിയിക്കുന്നു. എന്നാല്‍ ഇതറിയാന്‍ മകനെ വിളിച്ചുവരുത്തിയപ്പോള്‍ കയ്യില്‍ ലാപ്‌ടോപ്പും സ്‌നാക്ക് ബൗളുമായി വരുന്ന മകന്‍ താന്‍ കാണുന്ന താരങ്ങളെകണ്ട് അന്തംവിട്ടു നില്‍ക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. തുടര്‍ന്ന് രക്ഷാതാക്കളോടുള്ള ഉപദേശവവും വീഡിയോയില്‍ നല്‍കുന്നുണ്ട്. ന്യൂസിലാന്റ് സര്‍ക്കാര്‍ പദ്ധതിയെ ബി.ബി.സി അടക്കം പല ചാനലുകളും ഇതിനോടകം വാര്‍ത്തയാക്കിയിട്ടുണ്ട്.

ന്യൂസിലന്റുകാര്‍ സെക്‌സിനെക്കുറിച്ചറിയാന്‍ പ്രധാനമായും ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നു എന്ന പഠനം വന്നതോടെയാണ് റിയല്‍ ലൈഫ് അവബോധ വീഡിയോകളുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇതിനായി ‘കീപ് ഇറ്റ് റിയല്‍ ഓണ്‍ലൈന്‍’ (Keep It Real Online) എന്ന പേജും ചാനലും സര്‍ക്കാര്‍ തുടങ്ങിയതായി ന്യൂസ്ലാന്‍ഡ് ആഭ്യന്തര വകുപ്പ് മേധാവി ട്രിന ലൗറി വ്യക്തമാക്കി.

അതേസമയം, കേരളത്തിലും മറ്റും കൊച്ചുകുട്ടികള്‍ക്ക് പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആരംഭിച്ചതോടെ സര്‍ക്കാര്‍ ഇത്തരം ഇന്റെര്‍നെറ്റ് അശ്ലീല റാക്കറ്റുകളില്‍ നിന്നും എന്ത് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന ചോദ്യവും ശക്തമാവുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ രക്ഷിതാക്കളുടെ ഫോണുകളുമായി അടച്ചിട്ട മുറികളിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ ഓട്ടോമാറ്റിക്ക് സര്‍ച്ചുകള്‍ വഴി ഏതൊക്കെ വീഡിയോകളിലേക്കും സൈറ്റുകളിലേക്കുമാണ് എത്തുന്നതെന്നത് വലിയ വെല്ലുവിളിയായി അവശേഷിക്കുകയാണ്.

കോടതി നിര്‍ദ്ദേശപ്രകാരം കഴിഞ്ഞ വര്‍ഷം ആയിരത്തോളം അശ്ലീല സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് ശേഷവും രാജ്യത്ത് വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകള്‍ ഉപയോഗിച്ച് അശ്ലീല വീഡിയോകള്‍ കാണുന്നവരുടെ എണ്ണം കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇവരുടെ ലൊക്കേഷനുകള്‍ തിരിച്ചറിഞ്ഞ് നിരീക്ഷണം നടത്തിയുള്ള പൊലീസ് നടപടികളും തുടരുന്നുണ്ട്.

അതേസമയം, ചെറിയ കുട്ടികള്‍ ഇത്തരം സൈറ്റുകളിലേക്ക് എത്തുന്നതില്‍ രക്ഷിതാക്കളുട കരുതല്‍ നന്നായിവേണം എന്ന മുന്നറിയിപ്പാണ് ഈ പരസ്യം നല്‍കുന്നത്.