ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊറോണയെന്ന് വ്യാജപ്രചരണം; ജലദോഷം മാത്രമെന്ന് വത്തിക്കാന്‍

ഇറ്റാലിയന്‍ മാധ്യമങ്ങള്‍ മാര്‍പാപ്പയ്ക്ക് കൊറോണവൈറസ് ബാധയുണ്ടെന്ന് നല്‍കിയ വാര്‍ത്തകള്‍ വ്യാജമെന്ന് വത്തിക്കാന്‍ അറിയിച്ചു. ചെറിയ പനിയും ജലദോഷവും ബാധിച്ച് ചികിത്സയിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കൊവിഡ് 19 രോഗബാധയില്ലെന്നും ജലദോഷവും ചുമയും ബാധിച്ചതിനെത്തുടര്‍ന്നാണ് മാര്‍പാപ്പയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയതെന്നും വത്തിക്കാന്‍ വ്യക്തമാക്കി.

മുതിര്‍ന്ന വത്തിക്കാന്‍ പ്രതിനിധികളുമായി ഒരാഴ്ച നീളുന്ന കൂടിക്കാഴ്ചകളുള്‍പ്പടെ നടത്താനിരിക്കുകയായിരുന്നു മാര്‍പാപ്പ. എന്നാല്‍ ഇതിനിടെ മാര്‍പാപ്പ പരിപാടിയില്‍ പങ്കെടുക്കില്ലെന്നും, വസതിയില്‍ നിന്ന് പരിപാടിയ്ക്ക് ആതിഥ്യം വഹിക്കുമെന്നും വത്തിക്കാനില്‍ നിന്ന് പ്രസ്താവന പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാര്‍പാപ്പയ്ക്ക് കൊറോണ ബാധയുണ്ടെന്ന വ്യാജ വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇറ്റലിയില്‍ 52 പേരാണ് കൊറോണവൈറസ് ബാധിച്ച് മരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായിരത്തിലധികമായി. യൂറോപ്പില്‍ കൊവിഡ് 19 ഏറ്റവും കൂടുതല്‍ പടര്‍ന്നുപിടിച്ച രാജ്യം കൂടിയാണ് ഇറ്റലി.

SHARE