പ്രിയപ്പെട്ടവരെ വൃദ്ധസദനങ്ങളിലേക്കും തെരുവിലേക്കും വലിച്ചെറിയുന്ന കഥകള്‍ ഇപ്പോള്‍ സാധാരണ സംഭവമായി കഴിഞ്ഞിരിക്കുന്നു. ഈ കൊറോണക്കാലത്ത് നമ്മള്‍ കണ്ട മറ്റു ചില കാഴ്ച്ചകളും മനുഷ്യന്‍ എത്രമാത്രം അധപതിച്ചു എന്നതിന്റെ തെളിവുകള്‍ തന്നെയായിരുന്നു. എന്നാല്‍ അതിനെല്ലാമിടയിലേക്ക് നന്മ നിറഞ്ഞൊരു വീഡിയോ ആണിപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്. യാചകന്‍ തന്റെ പാത്രത്തില്‍ നിന്നും ഒരു നായയ്ക്കു പങ്കുകൊടുക്കുന്നതാണ് വീഡിയോയിലുള്ളത്.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലുള്ള സുശാന്ത നന്ദയുടെ ട്വിറ്റര്‍ പേജിലൂടെയാണ് ഈ ഹൃദയം തൊടുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. തെരുവോരത്തിരുന്ന് തന്റെ പാത്രത്തില്‍ നിന്നും നായയെ ഊട്ടുന്ന യാചകനാണ് വീഡിയോയിലുള്ളത്. ‘സാമ്പത്തികമായി ദരിദ്രന്‍ എന്നാല്‍ ഹൃദയം കൊണ്ട് സമ്പന്നന്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
Poor by wealth…
— Susanta Nanda IFS (@susantananda3) July 16, 2020
Richest by heart 🙏 pic.twitter.com/OlMsYORNI2
താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ വയോധികനായ യാചകന്‍ ഭക്ഷണം പാത്രത്തില്‍ കൊണ്ടുവന്ന് തന്റെ കയ്യില്‍ വച്ചുകൊണ്ട് നായയെ ഊട്ടുകയാണ്. പതിനേഴു സെക്കന്‍ഡ് ഉള്ള വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. സഹജീവികള്‍ക്കു നേരെ വാതിലുകള്‍ കൊട്ടിയടയ്ക്കുന്ന ഈ കാലത്ത് ഏറെ പ്രസക്തമായ വീഡിയോ ആണിതെന്നു പറഞ്ഞാണ് പലരും പങ്കുവെക്കുന്നത്.