സമ്പര്‍ക്കത്തിലൂടെ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊന്നാനി താലൂക്കില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നിരോധനാജ്ഞ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധനാജ്ഞ തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകളില്‍ ഒഴികെ അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടാന്‍ പാടില്ല. ആശുപത്രി, വിവാഹം, മരണവുമായി ബന്ധപ്പെട്ട യാത്രകള്‍ മാത്രം അനുവദിക്കും. പൊന്നാനി നഗരസഭയിലും താലൂക്കിലെ ഒമ്പത് പഞ്ചായത്തുകളിലുമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയത്.
പൊന്നാനി താലൂക്കിലെ 19 പേരുടെ ആന്റിജന്‍ ടെസ്റ്റുകള്‍ ഇന്നലെ പോസിറ്റിവായിരുന്നു. ഇതില്‍ 15 എണ്ണം പൊന്നാനി തീരദേശ മേഖലയിലെ വാര്‍ഡുകളില്‍ നിന്നുള്ളവരാണ്.