കൂടത്തായി കേസ്: രണ്ടു മരണങ്ങളില്‍ കൂടി ദുരൂഹത; ജോളിക്ക് പങ്കെന്ന് സംശയം

കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ രണ്ടു പേരുടെ മരണങ്ങളില്‍ കൂടി ദുരൂഹത വര്‍ദ്ധിക്കുന്നു. ടോം തോമസിന്റെ സഹോദരങ്ങളുടെ മക്കളുടെ മരണങ്ങളിലാണ് സംശയം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. ടോം തോമസിന്റെ സഹോദരങ്ങളായ ഡൊമിനിക്കിന്റെ മകന്‍ സുനീഷ്, അഗസ്റ്റിന്റെ മകന്‍ വിന്‍സന്റ് എന്നിവരുടെ മരണങ്ങളില്‍ ജോളിക്ക് പങ്കുള്ളതായാണ് സംശയമുയരുന്നത്.

അഗസ്റ്റിന്റെ മകന്‍ വിന്‍സെന്റിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. അന്നമ്മ മരിച്ച ശേഷം 2002ല്‍ തന്നെയാണ് വിന്‍സന്റ് മരിച്ചത്. ടോം തോമസിന്റെ മരണശേഷം 2008 ജനുവരിയില്‍ റോഡപകടത്തിലാണ് ഡൊമിനിക്കിന്റെ മകന്‍ സുനീഷ് കൊല്ലപ്പെട്ടത്. സുനീഷിന്റെ അമ്മയാണ് മരണത്തില്‍ സംശയമുന്നയിച്ച് രംഗത്ത് വന്നത്. സുനീഷിനെ കൊലപ്പെടുത്താന്‍ ജോളി ക്വട്ടേഷന്‍ കൊടുത്തതയും സംശയമുയരുന്നുണ്ട്.

സുനീഷിന്റെ ഡയറിക്കുറിപ്പുകളാണ് സംശയത്തിന് അടിസ്ഥാനമെന്ന് സുനീഷിന്റെ അമ്മ പറയുന്നു. താന്‍ ഒരു ട്രാപ്പില്‍ അകപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുന്ന വരികള്‍ സുനീഷ് ഡയറിയില്‍ എഴുതിയിരുന്നതായി അമ്മ പറഞ്ഞു. സുനീഷ് മരിച്ച സമയത്ത് അത് അത്ര കാര്യമായി എടുത്തിരുന്നില്ല. ഇപ്പോള്‍ കൂടുതല്‍ മരണങ്ങളില്‍ ജോളിക്ക് പങ്കുള്ളതായി മനസിലാക്കുമ്പോള്‍ സംശയം വര്‍ധിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയെ കുറിച്ചായിരിക്കാം എഴുതിയിരിക്കുന്നതെന്നും വിചാരിച്ചതായി സുനീഷിന്റെ അമ്മ പറഞ്ഞു. വിന്‍സന്റിനും സുനീഷിനും ജോളിയുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നും അടുത്ത സുഹൃദ് ബന്ധമുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

SHARE