മലബാറിലെ ബൂത്തുകളില്‍ കണ്ടത് നീണ്ട നിര വയനാട്ടില്‍ സര്‍വകാല റെക്കോര്‍ഡ്

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പോളിങ് ആണ് ഇന്ന്് മലബാറില്‍ രേഖപ്പെടുത്തിയത്. മലബാറിലെ ലോക്‌സഭാ മണ്ഡലങ്ങളായ മലപ്പുറം, പൊന്നാനി, കോഴിക്കോട്, വയനാട്, വടകര, കണ്ണൂര്‍, കാസര്‍കോട് എന്നിവയാണ് മികച്ച പോളിങ്ങുമായി മുന്നിട്ടു നിന്നത്. പോളിങ് ശതമാനത്തിലെ ഉയര്‍ച്ച യു.ഡി.എഫിന് ഗുണം ചെയ്യും. അതേസമയം പല ബൂത്തിലും ഇപ്പോഴും പോളിങ് തീര്‍ന്നിട്ടില്ലാത്തതിനാല്‍ അന്തിമ ശതമാനക്കണക്ക് പുറത്തുവന്നിട്ടില്ല.

നരേന്ദ്ര മോദി സര്‍ക്കാറിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെയും കൊലപാതകങ്ങള്‍ അടക്കമുള്ള സംസ്ഥാന സര്‍ക്കാറിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയും ഉള്ള ജനഹിത പരിശോധനയായിരുന്നു ഇത്തവണത്തെ കേരളത്തിലെ വോട്ട്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിനു കീഴിലുള്ള ഭരണം തിരിച്ചു വരണമെന്ന ശക്തമായ ജനവികാരവും രാഹുല്‍ തരംഗവും തെരഞ്ഞെടുപ്പിനു മുമ്പേ തന്നെ ഇവിടെ നിലനിന്നിരുന്നു. സര്‍വേ ഫലങ്ങളടക്കം രാഹുല്‍ എഫക്ട് തുറന്നു കാണിച്ചിരുന്നു. ഈ വിധത്തില്‍ എല്ലാമുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ വോട്ടിങ് ശതമാനം വര്‍ധിക്കുന്നത് യു.ഡി.എഫിന് ഗുണകരമായിത്തീരും എന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകര്‍ നടത്തുന്നത്.

കണ്ണൂരില്‍ 81.06 ശതമാനം രേഖപ്പെടുത്തിയപ്പോള്‍ വയനാടും കാസര്‍കോടും 79 ശതമാനം വീതം പോള്‍ രേഖപ്പെടുത്തി. വടകരയിലും കോഴിക്കോട്ടും 78 ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. മലപ്പുറത്ത് 75 ശതമാനവും പൊന്നാനിയില്‍ 74 ശതമാനവുമായിരുന്നു പോളിങ്.
മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ.സുധാകരന്‍ മത്സരിക്കുന്ന കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്. വോട്ട്് ചെയ്യാനുള്ള ഔദ്യോഗിക സമയമായ വൈകീട്ട് ആറു മണി കഴിഞ്ഞിട്ടും പോളിങ് സ്‌റ്റേഷനിലെ തിരക്ക് തീരാത്ത അവസ്ഥയാണ്. രാവിലെ മുതല്‍ ഇടതടവില്ലാതെ വലിയ തോതിലാണ് ആളുകള്‍ വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയത്.

കൊലപാതകങ്ങള്‍ അടക്കമുള്ള നിരവധി കേസുകളിലെ പ്രതിയായ സി.പി.എം നേതാവ് ജയരാജനെതിരെ കെ.മുരളീധരന്‍ മത്സരിക്കുന്ന വടകര മണ്ഡലത്തില്‍ ഇടതുമുന്നണിയെ ഞെട്ടിക്കുന്ന തരത്തിലാണ് പോളിങ് നടന്നത്. യു.പി.എയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ മൂന്ന് ശതമാനം കൂടുതലാണ് ഇത്തവണ പോളിങ് രേഖപ്പെടുത്തിയത്. മഴയെയും കനത്ത തണുപ്പിനെയും വകവെക്കാതെ രാവിലെ തൊട്ട് വലിയ തിരക്കാണ് വയനാട്ടിലെ പോളിങ് ബൂത്തുകളില്‍ അനുഭവപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്യാന്‍ കിട്ടിയ ഭാഗ്യം വയനാട്ടിലെ വോട്ടര്‍മാര്‍ പരമാവധി വിനിയോഗിച്ചു. അതിനാല്‍ തന്നെ വലിയ തോതിലുള്ള ഭൂരിപക്ഷത്തിന് രാഹുല്‍ വിജയിക്കും.

മലപ്പുറത്തും പൊന്നാനിയിലും മത്സരം ഏകപക്ഷീയമാണ്. എന്നാലും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് തുടര്‍ന്ന ആവേശം പോളിങ്ങിലും നിലനിര്‍ത്തിയതിനാല്‍ യു.ഡി.എഫിന്റെ വമ്പിച്ച ഭൂരിപക്ഷത്തിനുള്ള കളമൊരുങ്ങുകയാണ് മലപ്പുറത്തും പൊന്നാനിയിലും.