താജ്മഹലിന്റെ പേര് മാറ്റി ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ ആക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ലക്‌നൗ: താജ്മഹലിന്റെ പേര് മാറ്റി ‘രാം മഹല്‍’ എന്നോ ‘കൃഷ്ണ മഹല്‍’ എന്നോ ആക്കണമെന്ന് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്. ‘ഇന്ത്യയില്‍ മുസ്ലിം ഭരണാധികാരികള്‍ നിര്‍മ്മിച്ച എല്ലാത്തിന്റേയും പേര് മാറ്റണം. താജ്മഹലിന്റെ പേര് രാം മഹല്‍ എന്നോ കൃഷ്ണമഹല്‍ എന്നോ അല്ലെങ്കില്‍ രാഷ്ട്രഭക്ത് മഹല്‍ എന്നോ ആക്കണം. കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിന്റെ പേര് ജാനകി പാലസ് എന്നാക്കണം’-സുരേന്ദ്ര സിങ് പറഞ്ഞു.

നേരത്തേയും നിരവധി വിവാദ പ്രസ്താവനകളിലൂടെ കുപ്രസിദ്ധിയാര്‍ജ്ജിച്ച നേതാവാണ് സുരേന്ദ്ര സിങ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെക്കാള്‍ മെച്ചം ലൈംഗികത്തൊഴിലാളികളാണെന്ന സുരേന്ദ്ര സിങ്ങിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ താജ് മഹലിനെതിരെ ആസൂത്രിതമായ നീക്കമാണ് ആര്‍.എസ്.എസ് നടത്തുന്നത്. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അത് പൊളിച്ചു നീക്കണമെന്നും ആര്‍.എസ്.എസ് നേതാവായ വിനയ് കത്യാര്‍ പറഞ്ഞിരുന്നു. താജ്മഹല്‍ ചില വഞ്ചകന്‍മാര്‍ നിര്‍മ്മിച്ചതാണെന്നും അത് ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമല്ലെന്നും ബി.ജെ.പി നേതാവ് സംഗീത് സോം പറഞ്ഞിരുന്നു.

SHARE