ഹണീ പ്രീതിനെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു : മൂന്ന് അനുയായികള്‍ കൂടി പൊലീസിന് അനുകൂലമായി കൂറുമാറി

 

പഞ്ച്കുള: ബലാത്സംഗ കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീമിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം പഞ്ച്കുള, സിര്‍സ എന്നിവിടങ്ങളിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് പൊലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. റാം റഹീമിന്റെ ദത്തു പുത്രി ഹണീ പ്രീതിനും മറ്റും എതിരായാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. പൊലീസിന് അനുകൂലമായി സാക്ഷികളായി കൂറുമാറിയ മൂന്ന് ദേര സച്ഛാ സൗദ അനുയായികളുടെ മൊഴികള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസിന്റെ അനുബന്ധ കുറ്റപത്രം.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 25ന് സി.ബി.ഐ കോടതി റാം റഹീം കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെ സിര്‍സയിലെ ദേരാ ആസ്ഥാനത്തു നിന്നും മണ്ണെണ്ണ, ആസിഡ്, വടികള്‍ എന്നിവ പഞ്ചുകുളയില്‍ എത്തിക്കാനായി തങ്ങള്‍ക്കു നിര്‍ദേശം ലഭിച്ചതായി മൂവരും പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ദേര ചെയര്‍പേഴ്‌സണ്‍ വിപാസന ആയുധങ്ങളും ആളുകളുമായി പഞ്ച്കുളയിലെത്താന്‍ തനിക്ക് നിര്‍ദേശം നല്‍കിയതായി ഫത്തേഹാബാദ് സ്വദേശിയായ ഉശാ കുമാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. രതിയ ബ്ലോക്കിന്റെ ചുമതലയുണ്ടായിരുന്ന പ്യാരെ ലാലിനെ താന്‍ ഇക്കാര്യം അറിയിക്കുകയും അദ്ദേഹമാണ് ഇക്കാര്യം ചെയ്തതെന്നും പേടി കാരണം താന്‍ വീട്ടില്‍ തന്നെ നിന്നതായും ഉശാകുമാര്‍ പറയുന്നു.

പൊലീസിന്റെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണ് ഉശാകുമാറിന്റെ മൊഴി. ഗുര്‍മീത് റാം റഹീം സിങിനെ ബലാത്സംഗ കേസില്‍ കോടതി ശിക്ഷിച്ചതിനു പിന്നാലെയുണ്ടായ കലാപത്തില്‍ 36 ദേരാ അനുയായികള്‍ കൊല്ലപ്പെട്ടിരുന്നു. അതേ സമയം ആയുധങ്ങള്‍ എത്തിച്ചില്ലെന്നും ആളുകളെ മാത്രമാണ് എത്തിച്ചതെന്നുമാണ് പ്യാരേ ലാലിന്റെ മൊഴി. കോടതി വിധിക്കു പിന്നാലെ അനുയായികളെ കലാപത്തിനായി ദേരാ നേതാവിന്റെ സഹായികളായ ആദിത്യ ഇന്‍സാനും പവന്‍ ഇന്‍സാനും പ്രേരിപ്പിക്കുന്നത് കണ്ടതായാണ് കരംവീര്‍ സിങ് എന്നയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. മൂവരും കൂറുമാറിയതോടെ പൊലീസ് സാക്ഷികളുടെ എണ്ണം 99 ആയി. ആദ്യ കുറ്റപത്രത്തില്‍ മൂന്ന് പത്രപ്രവര്‍ത്തകരും ദേരാ തലവന്റെ ഗണ്‍മാനും ഉള്‍പ്പെടെ 50 സാക്ഷികള്‍ മാത്രമാണ് ഉണ്ടായിരുന്നത്.