കുട്ടികളെ ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു; അക്രമിയുടെ ഭാര്യയെ തല്ലിക്കൊന്ന് ജനക്കൂട്ടം

ലഖ്‌നൗ: കുട്ടികളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദിയാക്കിയ അക്രമിയെ പോലീസ് വെടിവെച്ചു കൊന്നു. പിന്നാലെ അക്രമിയുടെ ഭാര്യയെ പ്രകോപിതരായ ജനക്കൂട്ടവും തല്ലികൊന്നു. ഉത്തര്‍പ്രദേശിലെ ഫരീദാബാദിലാണ് സംഭവം.

23 കുട്ടികളെയാണ് അക്രമിയായ സുഭാഷ് തോക്കിന്‍ മുനയില്‍ നിര്‍ത്തി ബന്ദിയാക്കിയത്. കൊലക്കേസില്‍ പ്രതിയായ സുഭാഷ് ബദ്ദാം ജാമ്യത്തില്‍ പുറത്തിറങ്ങിയതായിരുന്നു. മകളുടെ പിറന്നാള്‍ ആഘോഷത്തിന്റെ പേരിലാണ് സുഭാഷ് കുട്ടികളെ വിളിച്ചു വരുത്തിയത്. ശേഷമാണ് കുട്ടികളെ ഭീഷണപ്പെടുത്തി പിടിച്ചു വെച്ചത്. കുട്ടികളെ വെച്ച് കളിച്ചതിലാണ് ജനം പ്രകോപിതരായത്. ശേഷം ഇയാളുടെ ഭാര്യയെ ജനം കൂട്ടം ചേര്‍ത്ത് മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളെ ബന്ദിയാക്കിയ സംഭവത്തില്‍ സുഭാഷിന്റെ ഭാര്യയ്ക്ക് പങ്കുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പോലീസ് എത്തിയാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ രാവിലെയോടെ അവര്‍ മരിച്ചു.

പിറന്നാള്‍ ആഘോഷത്തിനു പോയ കുട്ടികള്‍ മടങ്ങി എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പോലീസ് സുഭാഷുമായി അനുനയനീക്കത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് രാത്രിയോടെ പോലീസ് നടത്തിയ നീക്കത്തിനിടെ സുഭാഷ് വെടിയേറ്റ് മരിക്കുകയായിരുന്നു. സുഭാഷ് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. കുട്ടികളെല്ലാവരും സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു.

SHARE