പിടിച്ചെടുത്ത മീന്‍ പൊലീസ് വിറ്റു കാശാക്കി; ബാക്കി വീട്ടില്‍ കൊണ്ടുപോയി: ആരോപണവുമായി നാട്ടുകാര്‍

പോത്തന്‍കോട്: കഠിനംകുളം കായലില്‍ നിന്ന് നിരോധനം ലംഘിച്ച് പിടിച്ച മീന്‍ പൊലീസ് പിടിച്ചെടുത്ത് രഹസ്യമായി വില്‍ക്കുകയും ബാക്കി വീട്ടില്‍ കൊണ്ടുപോവുകയും ചെയ്‌തെന്ന് നാട്ടുകാരുടെ ആരോപണം. സംഭവം മുരുക്കുംപുഴയിലെ ജനകീയ സമിതി പ്രവര്‍ത്തകര്‍ ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെയും രഹസ്യ വിഭാഗത്തിന്റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. വിഷയം പുറത്തറിയാതെ തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും ആരോപണമുണ്ട്.

വലവീശി പിടിച്ച കരിമീന്‍ , തിലോപ്പിയ, വരാല്‍ തുടങ്ങിയവ മുരുക്കുംപുഴ കടവില്‍ വില്‍പന നടത്തിയപ്പോള്‍ ആള്‍ക്കൂട്ടം ഒഴിവാക്കാനെത്തിയതായിരുന്നു പൊലീസ്. എല്ലാവരെയും ഓടിച്ച ശേഷം മീന്‍ പിടിച്ചെടുത്തു. ഇതിനിടെ ഒരാള്‍ കായല്‍ വെട്ടിലേക്ക് എടുത്തു ചാടി. ഭയന്ന പൊലീസ് സ്ഥലം വിട്ടു. ജീപ്പില്‍ കടത്തിയ മീനാണ് പിന്നീട് ഇടനിലക്കാരെ ഉപയോഗിച്ച് കച്ചവടം നടത്തിയതെന്നാണ് ആരോപണം. ഇതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.

SHARE