ജനമൈത്രി മാറ്റിവെച്ച് പൊലീസ്; പറഞ്ഞതു കേള്‍ക്കാത്തതിന് തല്ലുകിട്ടിയവര്‍ നിരവധി


കൊച്ചി: ‘സാധാരണ പാര്‍ട്ടിക്കാരല്ലേ ഹര്‍ത്താല്‍ നടത്തുന്നേ, ഇത് ഞങ്ങളൊന്നു നടത്തി നോക്കട്ടെ’ – ആളുകള്‍ വീട്ടിലിരിക്കാന്‍ മടിക്കുന്നതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ പകുതി തമാശയായി ഒരു അസിസ്റ്റന്റ് കമ്മിഷണറുടെ മറുപടി. ‘രാവിലെ അഞ്ചരയായപ്പോള്‍ ഇറങ്ങിയതാണ്, ഞങ്ങള്‍ക്കു വേണ്ടി മാത്രമല്ലല്ലോ എല്ലാവരോടും അകത്തിരിക്കാന്‍ പറഞ്ഞിട്ടുള്ളത്’ – ഒരു എസ്‌ഐയുടെ ആത്മരോഷം. ശരിയാണ്, രാവിലെ മുതല്‍ റോഡിലിറങ്ങിയ പൊലീസുകാര്‍ക്കൊന്നു ഭക്ഷണം കഴിക്കാന്‍ പോലും സമയം കിട്ടാത്തത്ര തിരക്കാണ്. ആളുകളോടു പറഞ്ഞാല്‍ മനസ്സിലാകാത്തതിന്റെ വിഷമത്തിലാണ് പൊലീസും. അത്യാവശ്യം ഭക്ഷണ സാധനങ്ങള്‍ വാങ്ങുന്നതിനും മറ്റും ഇറങ്ങുന്നവരെ പൊലീസ് ഇതുവരെയും വിലക്കിയിട്ടില്ല. പക്ഷേ അനാവശ്യമായി ചുറ്റിക്കറങ്ങുന്നവരോട് കര്‍ശന നിലപാടാണ്.

തിരുവനന്തപുരത്ത് രാവിലെ മ്യൂസിയത്തിനടുത്തു നടക്കാനിറങ്ങിയ പൊലീസിനു മുന്നില്‍ ചെന്നു പെട്ടത് ഒരു വിഐപി. ‘സര്‍, നിങ്ങള്‍ മാതൃകയാകേണ്ടവര്‍ ഇങ്ങനെ..’. ‘നീ പോയി നിന്റെ പിണറായിയോട് പറ, അപ്പോള്‍ മനസ്സിലാകും ഞാനാരാണെന്ന്’… ഈ അഹങ്കാരത്തിനൊക്കെ ആരാണു വില കൊടുക്കേണ്ടി വരികയെന്ന് അവര്‍ ചിന്തിച്ചിട്ടുണ്ടാകുമോ? അല്ലെങ്കിലും ഇത്തരക്കാരോടു പൊലീസ് എന്തു ചെയ്യാന്‍; തൊപ്പി തെറിക്കാതിരിക്കാന്‍ കൂടുതല്‍ പറയാതെ പിന്‍മാറുകയല്ലാതെ.. ഗ്രാമപ്രദേശങ്ങളിലാണ് ഏറ്റവും വലിയ പ്രതിസന്ധി. ആളുകള്‍ കൂട്ടംകൂടരുതെന്നും ഇറങ്ങി നടക്കരുതെന്നും പറഞ്ഞാല്‍ അംഗീകരിക്കാന്‍ വലിയ പ്രയാസം. ഇത്തരക്കാരെ മര്യാദ പഠിപ്പിക്കാന്‍ പൊലീസിന് എത്തിപ്പെടുന്നതിനും സാധ്യമല്ല.

‘കണ്ടു പഠിക്കാത്തവര്‍ കൊണ്ടു പഠിക്കും’ എന്നു പറഞ്ഞ് വിട്ടുകൊടുക്കല്‍ സാധ്യമല്ല, കൊണ്ടിട്ടു പഠിക്കാന്‍ ഇവിടെ നമ്മളൊക്കെ ബാക്കി വേണ്ടേ? എന്നു ചോദിച്ചതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. ഇന്നലെ മുതല്‍ സമൂഹമാധ്യമങ്ങളില്‍ പൊലീസ് ഓടിച്ചിട്ടു തല്ലുന്ന വിഡിയോകള്‍ വൈറലാണ്. കേരളത്തില്‍ നിന്നുള്ള വിഡിയോകളുമുണ്ട്. അകത്തിരിക്കാന്‍ കര്‍ശന നിര്‍ദേശമുള്ള കാസര്‍കോടാണ് പൊലീസ് കൂടുതല്‍ അടിച്ച് അനുസരിപ്പിക്കുന്നത് എന്നാണ് മനസ്സിലാകുന്നത്. മറ്റു ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അത്ര കടുപ്പിച്ചിട്ടില്ലാത്തതിനാല്‍ പൊലീസിനു കുറച്ചു മയമുണ്ട്. അനുസരിക്കാത്തവരോടുള്ള ജനമൈത്രിയൊക്കെ എന്തായാലും കുറച്ചു നാളത്തേക്കു പൊലീസ് മാറ്റിവച്ചിരിക്കുകയാണ്. വണ്ടി പിടിച്ചെടുക്കുന്നതും കേസെടുക്കുന്നതുമാണ് ഇന്നു മുതല്‍ പൊലീസ് സ്വീകരിച്ചിട്ടുള്ള നടപടികള്‍.

എറണാകുളം ജില്ലയില്‍ ഉച്ചവരെ ഏകദേശം 30 കേസുകളെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടു വിട്ടു പുറത്തിറങ്ങുന്നവര്‍ക്ക് ഇതായിരിക്കും ഫലം എന്നു കാണിച്ച് സമൂഹമാധ്യമങ്ങളില്‍ നിരവധി ഓഡിയോ സന്ദേശങ്ങളും പ്രചരിപ്പിക്കുന്നുണ്ട്. ‘മര്യാദയ്ക്ക് വീട്ടിലിരിക്കാഞ്ഞല്ലേ, രണ്ടെണ്ണം കിട്ടട്ടെ’ എന്ന നിലപാടും നാട്ടുകാര്‍ക്കുള്ളതിനാല്‍ കണ്ടു നില്‍ക്കുന്നവരോ തല്ലു കൊള്ളുന്നവരോ പോലും ചോദ്യം ചെയ്യാത്ത സാഹചര്യമാണ് കണ്ണൂരും കാസര്‍കോട്ടും. വാട്‌സാപ്പുകളില്‍ പ്രചരിക്കുന്ന ഓഡിയോ സന്ദേശങ്ങളിലും ഇത് വ്യക്തമാണ്; ‘തല്ല് കൊള്ളണ്ടെങ്കില്‍ വീട്ടിക്കുത്തിയിരി’ എന്ന്. റോഡിലിറങ്ങി നടക്കുന്നവരെ കൊണ്ട് ഏത്തമിടീക്കുന്ന പൊലീസിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അതേസമയം, പൊലീസ് കേസെടുക്കുകയോ വണ്ടി പിടിച്ചെടുക്കുന്നത് ഉള്‍പ്പടെയുള്ള ഉള്ള നടപടികള്‍ സ്വീകരിക്കാതെയോ വടി കൊണ്ടും അല്ലാതെയും ഇങ്ങനെ തല്ലുന്നത് എവിടുത്തെ നിയമമാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതുപോലെ തല്ലുന്നതും തല്ലുന്ന വിഡിയോ കണ്ട് ആസ്വദിക്കുന്നതും മനോരോഗമാണെന്ന് വിലയിരുത്തുന്നവരും ഉണ്ട്. ജനമൈത്രി ആയി മാറിക്കൊണ്ടിരുന്ന പൊലീസ് ഇനി കൊറോണക്കാലം കഴിഞ്ഞാലും തല്ലും തെറിവിളിയും തുടരുമെന്ന ഭയം പങ്കുവയ്ക്കുന്നവരുമുണ്ട്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജനങ്ങള്‍ പുറത്തിറങ്ങി നടക്കുന്നത് തുടര്‍ന്നാല്‍ കര്‍ശന നടപടിക്കു തന്നെയാണ് സര്‍ക്കാര്‍ നീക്കം. ഒന്നിലധികം തവണ അനാവശ്യമായി പുറത്തിറങ്ങുന്നത് വ്യക്തമായാല്‍ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടികളുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്.