അവഹേളനം; പി.സി കുട്ടന്‍പിള്ള സ്പീക്കിങ് നിര്‍ത്തി

കേരള പൊലീസിന്റെ സോഷ്യല്‍ മീഡിയയിലുള്ള റോസ്റ്റിംഗ് പ്രതിവാര പരിപാടി ഉപേക്ഷിച്ചു. സേനയുടെ സൈബര്‍ വിഭാഗം തയാറാക്കിയ വീഡിയോക്കെതിരെ വിമര്‍ശനങ്ങളുയര്‍ന്ന സാഹചര്യത്തിലാണ് നടപടി.
പരിപാടിക്കെതിരെ സ്ത്രീവിരുദ്ധത അടക്കമുള്ള കാര്യങ്ങള്‍ ആരോപിച്ചു വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

വിനോദവും ബോധവത്കരണവും ലക്ഷ്യം വച്ചാണ് സംസ്ഥാന പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും,യൂട്യൂബ് പേജിലും പി.സി കുട്ടന്‍ പിള്ള സ്പീക്കിംഗ് എന്ന പരിപാടി ആരംഭിച്ചത്. എന്നാല്‍ വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ടിക്ടോക്കിലെയും ഫേസ്ബുക്കിലെയും ചളികളെ വിമര്‍ശിക്കാന്‍ പൊലീസ് എന്തിനു ഇങ്ങനൊരു ആശയം തുടങ്ങിയത് എന്നായിരുന്നു പലരും കമന്റിട്ടത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ പാലീസിനെതിരെ വിമര്‍ശനങ്ങളും സജീവമായി.

കൂടാതെ സ്ത്രീ വിരുദ്ധതയും, സൈബര്‍ ആക്ഷേപങ്ങളും പൊലീസിന്റെ റോസ്റ്റിംഗ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടതോടെ കാര്യങ്ങള്‍ കൈവിട്ടു. സോഷ്യല്‍ മീഡിയയിലെ ട്രോളര്‍മാര്‍ പൊലീസിനെ പൊങ്കാലയിട്ടതോടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടു. പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ പ്രതികരണ പരിപാടി നിര്‍ത്തി.

SHARE