കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇനി പൊലീസിന് കീഴില്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ടെയെന്‍മെന്റ് സോണ്‍ മാര്‍ക്ക് ചെയ്യാനുള്ള ചുമതല പൊലീസിന് നല്‍കി. ജില്ലാ പൊലീസ് മേധാവികള്‍ ഇതിന് മുന്‍കൈയെടുക്കണം. ക്വാറന്റൈന്‍ നിരീക്ഷണത്തിലും പൊലീസിന് പൂര്‍ണ ചുമതല നല്‍കി. ക്വാറന്റൈന്‍ ലംഘിച്ചാല്‍ കടുത്ത നടപടി സ്വീകരിക്കും. സമ്പര്‍ക്ക വിലക്ക് ലംഘിക്കുന്നത് കണ്ടാല്‍ പൊലീസിനെ അറിയിക്കണം. മാര്‍ക്കറ്റുകളിലും മറ്റും ജനങ്ങള്‍ അകലം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പ് വരുത്തണം.

കോണ്‍ടാക്ട് ട്രെയിസിങും പൊലീസിനെ ഏല്‍പ്പിച്ചു. പ്രൈമറി, സെക്കന്ററി കോണ്‍ടാക്ട് കണ്ടെത്താന്‍ എസ്‌ഐയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കും. പോസിറ്റീവ് സമ്പര്‍ക്കപട്ടിക നിലവില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരാണ് തയ്യാറാക്കുന്നത്. വ്യാപനം പരിഗണിച്ച് പൊലീസിന് ചുമതല നല്‍കും.പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാനതല പൊലീസ് നോഡല്‍ ഓഫീസര്‍ ആയി എറണാകുളം ജില്ലാ സിറ്റി കമ്മീഷണര്‍ വിജയ് സാഖറെയെ നിയോഗിച്ചു.

നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. ഈ രീതിക്ക് മാറ്റം വരുത്തി. രോഗം വന്നവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലയാക്കും. വാര്‍ഡ് എന്നതിന് പകരം, ആ പ്രദേശമായിരിക്കും സോണ്‍.

SHARE