അശ്ലീല വിഡിയോകളും ഫോട്ടോകളും കൈവശമുള്ളവരും കാണുന്നവരും കരുതിയിരിക്കുക; വീട്ടില്‍ വന്ന് പൊലീസ് പൊക്കും!

തിരുവനന്തപുരം: അനധികൃതമായി അശ്ലീല വിഡിയോകളും ഫോട്ടോകളും സ്മാര്‍ട് ഫോണുകളിലും ലാപ്‌ടോപ്പുകളിലും സൂക്ഷിക്കുന്നവരും വിവിധ അഡള്‍ട്ട് ഗ്രൂപ്പുകളില്‍ അംഗങ്ങളായവരും സൂക്ഷിക്കുക. പൊലീസ് നിങ്ങളെ നിരീക്ഷിച്ച് വീട്ടില്‍ വന്ന് പിടികൂടും. ഓപ്പറേഷന് പി ഹണ്ടില്‍ കൂടുതല്‍ പേര്‍ വരുംദിവസങ്ങളില്‍ കുടുങ്ങുമെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ നഗ്നചിത്രങ്ങളും വിഡിയോയും സോഷ്യല്‍മീഡിയകളിലൂടെ ഷെയര്‍ ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്തവരും കുടുങ്ങും. ഇത്തരത്തില്‍ സംസ്ഥാനത്ത് 250 ഓളം പേര്‍ നിരീക്ഷണത്തിലാണ്. സൈബര്‍ഡോമും ഇന്റര്‍പോളുമാണ് ഇവരെ നിരീക്ഷിക്കുന്നത്.

നിരീക്ഷണത്തിലുള്ളവരുടെ വാട്‌സാപ്, ടെലഗ്രാം ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്ത് പരിശോധിക്കുന്നുണ്ട്. വാട്‌സാപ്പില്‍ നിരവധി രഹസ്യഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പല ഗ്രൂപ്പിന്റെയും പേരുകള്‍ ഇടക്കിടെ മാറ്റുന്നുണ്ടെന്നും പൊലീസ് കണ്ടെത്തി. ടെലഗ്രാമിലെ ‘സ്വര്‍ഗത്തിലെ മാലാഖമാര്‍’ പോലുള്ള ഗ്രൂപ്പുകളില്‍ കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി അശ്ലീല വിഡിയോകള്‍ കണ്ടെത്തി. ഇവിടെ നിന്ന് വിഡിയോകള്‍ വന്‍ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നതെന്നും പൊലീസ് കണ്ടെത്തി.

കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ സൈബര്‍ലോകത്ത് പ്രചരിപ്പിക്കുന്നതും പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസ് സംസ്ഥാനവ്യാപകമായി നടത്തിയ ഓപ്പറേഷന്‍ പി-ഹണ്ട് എന്ന റെയ്ഡില്‍ 89 കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്. 47 പേരാണ് അറസ്റ്റിലായത്. ഇതിന്റെ ഭാഗമായി മെമ്മറി കാര്‍ഡുകള്‍, ലാപ്‌ടോപ്പുകള്‍, കംപ്യൂട്ടറുകള്‍ മൊബൈല്‍ ഫോണുകള്‍, മോഡമുകള്‍, ഹാര്‍ഡ് ഡിസ്‌കുകള്‍ എന്നിവ ഉള്‍പ്പെടുന്ന 143 ഉപകരണങ്ങളും പിടിച്ചെടുത്തു.കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുകയോ വിതരണം ചെയ്യുകയോ ശേഖരിക്കുകയോ ചെയ്യുന്നത് അഞ്ചുവര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

SHARE