ശബരിമല: സുരക്ഷ നല്‍കാനാവില്ലെന്ന് തൃപ്തി ദേശായിയോട് പൊലീസ്

കൊച്ചി: ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിക്കും സംഘത്തിനും സംരക്ഷണം നല്‍കാനാവില്ലെന്ന് പൊലീസ്. കൊച്ചി പൊലീസ് കമ്മീഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്. ഉടന്‍ തന്നെ ഇവിടെ നിന്ന് മടങ്ങിപ്പോവണമെന്ന ആവശ്യവും പൊലീസ് തൃപ്തി ദേശായിയോട് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്നും ശബരിമല ദര്‍ശനം നടത്താതെ മടങ്ങിപ്പോവില്ലെന്നും തൃപ്തി ദേശായിയെ പൊലീസ് അറിയിച്ചു.

അതിനിടെ ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‌പ്രേ ആക്രമണമുണ്ടായി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിനു മുന്നില്‍ വച്ച് ബിന്ദുവിനെ ഓടിച്ചിട്ടു സ്‌പ്രേ ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നു. കാവിമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചയാളാണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഹിന്ദു ഹെല്‍പ് ലൈന്‍ സംഘടനയുടെ പ്രവര്‍ത്തകനാണെന്നാണ് വിവരം.

കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വെച്ചാണ് ബിന്ദു അമ്മിണിക്ക് നേരെ ആക്രമണമുണ്ടായത്. കമ്മീഷണര്‍ ഓഫീസില്‍ നിന്ന് ഇറങ്ങി മറ്റൊരു വാഹനത്തിലേക്ക് കയറുന്നതിനിടെ ബിന്ദു അമ്മിണിയെ കയ്യേറ്റം ചെയ്യാനും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ദേഹാസ്വാസ്ഥ്യമുണ്ടായ ബിന്ദുവിനെ പിന്നീട് ആസ്പത്രിയിലേക്ക് മാറ്റി.

ശബരിമല ദര്‍ശനത്തിനെത്തിയ തൃപ്തി ദേശായിയുടെ സംഘത്തില്‍ അംഗമാണ് ബിന്ദു അമ്മിണി. ഇവര്‍ക്കെതിരെ രാവിലെ മുതല്‍ കൊച്ചി കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധം ശക്തമാണ്. തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോവുന്നത് വരെ പ്രതിഷേധം തുടരുമെന്നാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറയുന്നത്.

SHARE