ന്യൂഡല്‍ഹി: ഷാഹിന്‍ബാഗ് സമരത്തിന്റെ മറവില്‍ റോഡ് തടഞ്ഞ് ഗതാഗതം സ്തംഭിപ്പിച്ചതിന് പൊലീസിനെ കുറ്റപ്പെടുത്തി സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതി. മുന്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ വജ്ഹത് ഹബീബുല്ല അധ്യക്ഷനായ മൂന്നംഗ സമിതി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡല്‍ഹി, യു.പി പൊലീസുകള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
അഭിഭാഷകരായ സധന രാമചന്ദ്രന്‍, സഞ്ജയ് ഹെഗ്‌ഡെ എന്നിവര്‍ക്കൊപ്പമാണ് വജ്ഹത് ഹബീബുല്ല ഷാഹിന്‍ബാഗിലെത്തി മധ്യസ്ഥ ശ്രമങ്ങള്‍ നടത്തിയത്. ഇത് ഒരു പരിധിവരെ ഫലം കാണുകയും സമരത്തെ ബാധിക്കാത്ത വിധം റോഡുകള്‍ തുറന്നുകൊടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മധ്യസ്ഥ നീക്കത്തിന്റെ പുരോഗതി സംബന്ധിച്ച് സമിതി സുപ്രീംകോടതിക്ക് വിശദീകരണം നല്‍കിയത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയേയും ഉത്തര്‍പ്രദേശിലെ വ്യവസായ നഗരമായ നോയ്ഡയേയും ബന്ധിപ്പിക്കുന്ന പ്രധാന ദേശീയപാത ഉപരോധിച്ചുകൊണ്ടുള്ള സമരം വന്‍ ഗതാഗത പ്രശ്‌നം സൃഷ്ടിക്കുന്നുവെന്നായിരുന്നു ഷാഹിന്‍ബാഗ് സമരത്തിനെതിരെ ഉയര്‍ന്ന പ്രധാന വിമര്‍ശനം. എന്നാല്‍ സമര വേദിയുമായി ബന്ധിപ്പിക്കുന്ന ഒട്ടേറെ സമാന്തര റോഡുകള്‍ കൊട്ടിയടച്ച് പൊലീസ് തന്നെയാണ് ഗതാഗത പ്രതിസന്ധി സൃഷ്ടിച്ചതെന്ന് സമിതി സത്യവാങ്മൂലത്തില്‍ കുറ്റപ്പെടുത്തുന്നു. ജി.ഡി ബിര്‍ള റോഡ്, ജാമിഅ മില്ലിയ്യ ഇസ്്‌ലാമിയ്യ റോഡ്, ന്യൂഫ്രണ്ട്‌സ് കോളനി റോഡ്, സുഖ്‌ദേവ് വിഹാര്‍ എന്നിവിടങ്ങൡലെല്ലാം പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഗതാഗതം തടസ്സപ്പെടുത്തി. ഓക്്‌ലയില്‍ കല്ലു നിരത്തിയും പൊലീസ് തന്നെ റോഡു തടഞ്ഞു. ഗ്രേറ്റനര്‍ നോയ്ഡ എക്‌സ്പ്രസ് വേയെ ഡല്‍ഹി, ഫരീദാബാദ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളെ ഉത്തര്‍പ്രദേശ് പൊലീസും തടഞ്ഞു. കാളിന്ദി കുഞ്ജിലെത്തുന്ന അക്ഷര്‍ധാം ക്ഷേത്ര റോഡും ജൈതാപൂര്‍, മദന്‍പൂര്‍ ഖദര്‍, ഫരീദാബാദ് റോഡുകളും പൊലീസ് തടഞ്ഞു. ഡല്‍ഹിയേയും ഉത്തര്‍പ്രദേശിനേയും ബന്ധിപ്പിക്കുന്ന പ്രധാന വഴികള്‍ തടസ്സപ്പെടുത്തി അതിന്റെ ഉത്തരവാദിത്തം സമരക്കാരുടെ മേല്‍ കെട്ടിവെക്കുകയായിരുന്നു പൊലീസിന്റെ ലക്ഷ്യമെന്നും സമിതി സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.
അനാവശ്യ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സമിതി ആരോപിച്ചു. ഇത്തരം നടപടിക്ക് നിര്‍ദേശം നല്‍കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി വേണം. തടസ്സങ്ങളെ മറികടന്ന് വാഹന ഗതാഗതം സുഗമമാക്കലാണ് പൊലീസിന്റെ ജോലി. എന്നാല്‍ സമാന്തരമായ എല്ലാ റോഡുകളും കൊട്ടിയടച്ച് പൊലീസാണ് ഇവിടെ ദിവസങ്ങളോളം ഗതാഗതം സ്തംഭിപ്പിച്ചത്. ഏത് ഉദ്യോഗസ്ഥനാണ് ഇത്തരമൊരു നടപടി നിര്‍ദേശിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്താക്കണമെന്നും സമിതി റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
ജസ്റ്റിസുമാരായ എസ്.കെ കൗള്‍, കെ.എം ജോസഫ് എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് ഷാഹിന്‍ബാഗ് സമരം സൃഷ്ടിക്കുന്ന ഗതാഗത പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് മൂന്നംഗ സമിതിയെ മധ്യസ്ഥതക്ക് നിയോഗിച്ചത്. മധ്യസ്ഥ സമിതിയെ നിയോഗിച്ച നടപടിയെ സ്വാഗതം ചെയ്ത സമരക്കാര്‍, പൗരത്വ ഭേദഗതി നിയമം പിന്‍വലിച്ചാലല്ലാതെ സമരം അവസാനിപ്പിക്കില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.
സമരവേദി നിലനിര്‍ത്തിക്കൊണ്ടുതന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മധ്യസ്ഥ സമിതിയും തുടക്കത്തിലേ വ്യക്തമാക്കി. മൂന്നു ദിവസം തുടര്‍ച്ചയായി നടന്ന മധ്യസ്ഥ ചര്‍ച്ചകളില്‍ സമരവേദി മാറ്റില്ലെന്നും സുരക്ഷ ഉറപ്പാക്കിയാല്‍ ഗതാഗതത്തിന് റോഡുകള്‍ തുറന്നു നല്‍കാമെന്നുമുള്ള നിലപാടാണ് സമരക്കാര്‍ സ്വീകരിച്ചത്. ഇക്കാര്യം മധ്യസ്ഥ സമിതി ഉറപ്പു നല്‍കിയതോടെ കാളിന്ദി കുഞ്ജ് റോഡ് തുറക്കുകയും കഴിഞ്ഞ ദിവസം മുതല്‍ ഇതുവഴി ഗതാഗതം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. സമരക്കാരെ ഷാഹിന്‍ബാഗില്‍നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതി മധ്യസ്ഥ സംഘത്തെ നിയോഗിച്ചത്. സമരം പൗരന്റെ അവകാശവും ജനാധിപത്യത്തിന്റെ ശക്തിയുമാണെന്ന് നിരീക്ഷിച്ച കോടതി, എന്നാല്‍ ഇതിന് ചില പരിധികള്‍ ഉണ്ടെന്ന് ഓര്‍മ്മപ്പെടുത്തിയായിരുന്നു മധ്യസ്ഥ ശ്രമത്തിന് തുടക്കമിട്ടത്. കേസ് ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്നുണ്ട്. മധ്യസ്ഥ സമിതിയുടെ സത്യവാങ്മൂലവും കോടതി പരിഗണിച്ചേക്കും.