ന്യൂഡല്‍ഹി: അര്‍ദ്ധരാത്രിയില്‍ മുന്‍ ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ വീടിന്റെ മതില് ചാടിക്കടന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സി.ബി.ഐ ഓഫീസര്‍ രാമസ്വാമി പാര്‍ത്ഥസാരഥിക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍. റിപ്പബ്ലിക് ദിനമായ ഇന്ന് 28 സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്കാണ് രാഷ്ട്രപതിയുടെ മെഡല്‍ സമ്മാനിക്കുന്നത്. 2019 ലാണ് ഐ.എന്‍.എക്സ് മീഡിയ കേസില്‍ സി.ബി.ഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. വിശിഷ്ട സേവനത്തിനാണ് രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ അദ്ദേഹത്തിന് സമ്മാനിക്കുന്നത്. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തെ അറസ്റ്റ് ചെയ്തതും പാര്‍ത്ഥസാര്‍ഥിയാണ്.
അത്യന്തം നാടകീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 21ന് രാത്രി പത്തുമണിയോടെ ചിദംബരത്തെ അദ്ദേഹത്തിന്റെ ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് തടയാന്‍ സുപ്രീംകോടതി വിസമ്മതിച്ചതോടെ രാത്രി എ.ഐ.സി.സി ആസ്ഥാനത്തെത്തി വാര്‍ത്താസമ്മേളനം നടത്തി മടങ്ങിയതിന് പിന്നാലെയാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തിയത്.
സി.ബി.ഐ സംഘത്തിന്റെ പിടിയിലാവുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് രാത്രി എട്ടരയോടെ ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെ വാര്‍ത്താസമ്മേളനത്തിലേക്ക് ചിദംബരം എത്തിയത്. എഴുതി തയ്യാറാക്കിയ പ്രസ്താവനയാണ് ചിദംബരം മാധ്യമങ്ങള്‍ക്ക് മുമ്പാകെ വായിച്ചത്. പിന്നാലെ, സി.ബി.ഐ സംഘം തേടിയെത്തും മുമ്പ് കപില്‍ സിബലുമൊന്നിച്ച് ചിദംബരം കാറില്‍ അവിടംവിട്ടു. അക്ബര്‍ റോഡ് കടക്കും വരെ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചിദംബരത്തിന് വലയം തീര്‍ത്തിരുന്നു.
തുടര്‍ന്ന് കപില്‍ സിബലും മനു അഭിഷേക് സിങ്വിക്കൊമൊപ്പം ചിദംബരം ജോര്‍ബാഗിലെ വീട്ടിലെത്തി. വീട്ടിലേക്ക് മടങ്ങിയ ചിദംബരത്തെ തേടി സി.ബി.ഐ ഉദ്യോഗസ്ഥരും അവിടെയെത്തി. ഗേറ്റ് പൂട്ടിയതിനാല്‍ പാര്‍ത്ഥസാരഥിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ജയില്‍ മതില് ചാടിക്കടന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്.