ചെല്ലാനത്തെ കോടി രൂപ മൂല്യമുള്ള നൂറ് രൂപാ നോട്ട്; വൈറലായി ഇന്‍സ്പെക്ടറുടെ പോസ്റ്റ്

ബോളിവുഡ് നടന്‍ അമീര്‍ഖാന്‍ ഒരു കിലോ ആട്ടപ്പൊടി കൊടുക്കുന്നു. കുറച്ചു പേര്‍ അത് വകവെച്ചില്ല. എന്നാല്‍ ദാരിദ്ര്യത്തിന്റെ വിലയറിയാവുന്നവര്‍ അത് പോയി വാങ്ങി. അര്‍ഹതപ്പെട്ടവര്‍ക്ക് ആ പാക്കറ്റിന്റെ കൂടെ ഒരു പതിനയ്യായിരം രൂപയും കിട്ടി. അമീര്‍ഖാന്റെ ഐഡിയ നോക്കണേ എജ്ജാതി മാസ്സ്… ലോക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു വ്യാജ സന്ദേശമായിരുന്നിത്. എന്നാല്‍ കടല്‍ക്ഷോഭം മൂലം ദുരിതം അനുഭവിക്കുന്ന ചെല്ലാനത്തുകാര്‍ക്ക് ഈ കഥ സത്യമായിരിക്കുകയാണ്. ദുരിതകാലത്ത് തങ്ങള്‍ക്ക് എത്തിച്ചുനല്‍കിയ പൊതിച്ചോറിനിയില്‍ പാസ്റ്റിക് കവറില്‍ പൊതിഞ്ഞുകെട്ടിയിരുക്കുന്നു 100 രൂപ നോട്ട്!.

ഇടതു കൈകൊണ്ടു കൊടുക്കുന്നതു വലതു കൈ പോലും അറിയരുതെന്നു നിര്‍ബന്ധമുള്ള ആരോ കരുതിയ ആ നൂറു രൂപക്ക് കോടി രൂപയേക്കാള്‍ മൂല്യമുണ്ടെന്നാണ്, സംഭവത്തിന് ദൃസാക്ഷി കൂടിയായ കണ്ണമാലി പൊലീസ് ഇന്‍സ്പെക്ടര്‍ പി.എസ്.ഷിജു തന്റെ ഫെയ്‌സ്ബുക് പോസ്റ്റില്‍ പറയുന്നത്.

കണ്ണമാലി ഇന്‍സ്പെക്ടര്‍ പി എസ് ഷിജുവിന്റെ നേതൃത്വത്തില്‍ അയല്‍ ഗ്രാമമായ കുമ്പളങ്ങിയില്‍ നിന്നും മറ്റും സുമനസ്സുകളുടെയും പൊതു പ്രവര്‍ത്തകരുടെയും സഹായത്തോടെയാണു ഭക്ഷണപ്പൊതികള്‍ ശേഖരിച്ചത്. കണ്ണമാലി സ്റ്റേഷനിലെ പൊലീസുകാരനായ അനില്‍ ആന്റണി പൊതിച്ചോറില്‍ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ തുറന്നു നോക്കിയപ്പോഴാണു 100 രൂപ നോട്ട് കണ്ടത്. മനുഷ്യന്‍ എന്ന വാക്കിന് അര്‍ത്ഥം പലതാണ്. കോഴിക്കോട് വിമാന ദുരന്തത്തിനിടെ മലപ്പുറത്തും, ആദ്യപ്രളയത്തില്‍ ഇവിടെ ഓടിയെത്തിയ മത്സ്യതൊഴിലാളികളിലും നമ്മളത് കണ്ടെതാണ്. ദുരിതങ്ങളും ദുരന്തങ്ങളുമുണ്ടാവുമ്പോള്‍ മാനവികതയുടേയും സഹജീവി സ്‌നേഹത്തിന്റെയും അര്‍ത്ഥം മനോഹരമാക്കുന്ന അനുഭവങ്ങളാണിത്. ഇത്തരത്തില്‍ ചെല്ലാനത്ത് നടന്ന സംഭവം പങ്കു വെച്ചിരിക്കുകയാണ് കണ്ണമാലി ഇന്‍സ്‌പെക്ടര്‍ പി.എസ്.ഷിജു. ഇതിനകം വൈറലായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം

കോടി രൂപയുടെ മൂല്യമുള്ള 100 രൂപ നോട്ട്……..
മിനിയാവുന്നാള്‍ (06/08/2020) ഉച്ചയോടെ ചെല്ലാനം ഭാഗത്ത് ഞാനും CPO വിജുവും കൂടി എത്തിയപ്പോള്‍ അറബിക്കടല്‍ രൗദ്രഭാവത്തോടെ കരയിലേക്ക് കയറി വന്നുകൊണ്ടിരിക്കുകയായിരുന്നു. റോഡിനു പടിഞ്ഞാറുവശത്തുള്ള വീടുകളില്ലെല്ലാം രണ്ടടിയിലധികം ഉയരത്തില്‍ വെള്ളം കയറിയിരുന്നു. എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കലി തുള്ളി പെയ്യുന്ന പെരുമഴയത്തും സ്ത്രീകളും കുട്ടികളും പ്രായമായവരും ഒക്കെ വീട്ടില്‍ നിന്നും പുറത്തിറങ്ങി നില്‍ക്കുന്നു. ജീപ്പില്‍ നിന്നും റോഡിലേക്കിറങ്ങിയപ്പോള്‍ മുട്ടോളം വെള്ളം. ഈ പെരുവെള്ളത്തില്‍ ഇവര്‍ ഇന്ന് എങ്ങനെ കഴിച്ചുകൂട്ടും എന്ന് വേവലാതിയോടെയാണ് ഞാന്‍ ഓര്‍ത്തത്. രാത്രിയില്‍, കുട്ടികളടക്കമുള്ളവര്‍ എന്ത് ഭക്ഷണം കഴിക്കും എന്നൊക്കെ ചിന്തിച്ചപ്പോള്‍ എന്റെ മനസില്‍ ആദ്യം വന്നത് എന്റെ നാടായ കുമ്പളങ്ങിയിലെ ഞാനുള്‍പ്പെടുന്ന What’s app group നെക്കുറിച്ചും പനങ്ങാട് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറും വര്‍ഷങ്ങളായി ചങ്കായി കൂടെക്കൂടിയ ശ്രീ.ജേക്കബ്ബിനേയും ആണ്. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.മാര്‍ട്ടിന്‍ ആന്റണി, പ്രതിപക്ഷ നേതാവ് ശ്രീ.സുരേഷ് ബാബു എന്ന സാബു ചേട്ടന്‍, അയല്‍വാസിയായ ഷൈജു എന്നിവരേയും ഫോണില്‍ വിളിച്ചു കുറച്ചു പേര്‍ക്കുള്ള ബ്രെഡും പഴവും എങ്കിലും തയ്യാറാക്കണം എന്നാവശ്യപ്പെട്ടു. ജേക്കബ്ബ് അപ്പോള്‍ തന്നെ നെട്ടൂര്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ടു. മറ്റുള്ളവര്‍ നോക്കട്ടെ, ശരിയാക്കാം എന്നും പറഞ്ഞു. പക്ഷേ തുടര്‍ന്നുള്ള ഒരു മണിക്കൂര്‍ കൊണ്ട് അവിസ്മരണീയമായ വേഗതയിലാണ് കാര്യങ്ങള്‍ നടന്നത്. കുമ്പളങ്ങി ഗ്രൂപ്പില്‍ നിന്നും ടോജി വിളിച്ചു പറഞ്ഞതനുസരിച്ച് Fire & Rescue team ന്റെ Civil Defence team ശ്രീ. ബിനു മിത്രനും സംഘവും 250 പേര്‍ക്കുള്ള ഭക്ഷണവും ആയി എത്തുമെന്ന് അറിയിച്ചു. കൂടാതെ ജേക്കബ്ബിന്റെ സുഹൃത്തായ നെട്ടൂര്‍ മാര്‍ക്കറ്റിലെ മൊയ്തുക്ക പറഞ്ഞതനുസരിച്ച് ആലുവയില്‍ നിന്നും സുധീര്‍, സഗീര്‍ തുടങ്ങിയവര്‍ 600 പേര്‍ക്കുള്ള ചോറും ചിക്കന്‍ കറിയുമായി എത്തുമെന്ന് അറിയിച്ചു. ഇതിനിടയില്‍ സാബുച്ചേട്ടന്‍ കുറേ ബ്രെഡ് കൊണ്ടുവന്ന് തന്നു. തുടര്‍ന്ന് കുമ്പളങ്ങിയില്‍ നിന്നും നെല്‍സണ്‍ മാഷ് ഫോണില്‍ വിളിച്ച് എല്ലാവിധ സഹായവും വാഗ്ദാനം ചെയ്തു. തുടര്‍ന്നിങ്ങോട്ട് ഇന്ന് രാത്രി വരെ 4000 ല്‍ അധികം പേര്‍ക്കുള്ള ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്യാനായത്.ശ്രീ. നെല്‍സണ്‍ മാഷ്, ബിനോജ്, സെല്‍ജന്‍ അട്ടിപ്പേറ്റി, ജോസ് മോന്‍, ആന്‍സന്‍, ടോജന്‍, ദിലീപ്, സന്തോഷ്, ജിനീഷ്,അപ്പച്ചന്‍, ഷൈജു, ടോജി, ഞാന്‍ പഠിച്ച ട.േജലലേൃ െസ്‌കൂളിലെ ടീച്ചര്‍മാര്‍, കുമ്പളങ്ങി OLF HS ലെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ സില്‍വി, ഡജട ലെ ഹെഡ്മിസ്ട്രസ് Sr.ഷൈനി, PTAപ്രസിഡന്റ് പോള്‍ ബെന്നി, ബിന്ദു, ജോണി, അക്ഷര സെന്ററിലെ പഴയ അധ്യാപകനും ഇപ്പോള്‍ Excise Asst.commissioner ഉം ആയ ശശി സാര്‍, സൗമിത്രന്‍ സാര്‍, കുമ്പളങ്ങി പഞ്ചായത്ത് മെമ്പര്‍ ശ്രീ.സുബീഷ്, സഹപാഠികളായ ഉണ്ണികൃഷ്ണന്‍, സോണി KB, പ്രമോഷ്, സര്‍ജില്‍ ,സെന്റ് ജയിംസ് ചര്‍ച്ച് പൂണിത്തുറ വൈസ് ചെയര്‍മാന്‍ ഫ്രാന്‍സീസ് താടിക്കാരന്‍, കൈക്കാരന്‍ ജയ് മോന്‍ തോട്ടുപുറം, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ സിജുമോന്‍, ബിശാല്‍ തുടങ്ങി ഒത്തിരി ആളുകളെ നന്ദിയോടെ സ്മരിക്കുന്നു.

ഇന്ന് വിതരണം ചെയ്ത ഭക്ഷണപ്പൊതികള്‍ ഓരോരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികള്‍ വീതം ശേഖരിച്ചവയായിരുന്നു. എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ ഒരെണ്ണം സഹപ്രവര്‍ത്തകനായ അനില്‍ ആന്റണി ഒരു പൊതി ഊണ് തുറന്നു നോക്കിയപ്പോഴാണ് ഊണ് പൊതിഞ്ഞ കവറില്‍ കറികള്‍ക്കിടയില്‍ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ ഒരു നൂറു രൂപ നോട്ട് കണ്ടത്. ഒരു പഴം കൊടുത്താല്‍ പോലും അത് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയിലും പത്രത്തിലും കൊടുക്കുന്ന ഇക്കാലത്ത് ,വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താതെ ആ പൊതിച്ചോറില്‍ 100 രൂപ കൂടി കരുതി വെച്ച ആ മനസിന് മുമ്പില്‍ നമിക്കുന്നു. ഇങ്ങനെയും മനസുകള്‍ ഉള്ളപ്പോള്‍ നമുക്ക് തോല്‍ക്കാനാകുമോ?