ശ്രീറാമിന് രക്ഷപ്പെടാന്‍ പഴുതൊരുക്കി കാക്കിപ്പട: പൊലീസ് നാടകം രണ്ടാം ദിനം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനിമിടിച്ചു കൊലപ്പെടുത്തിയ കേസില്‍ കുറ്റവാളിയായ മൂന്നാര്‍ മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് വേണ്ടി വീണ്ടും പൊലീസിന്റെ വഴിവിട്ട നീക്കങ്ങള്‍. എഫ്.ഐ.ആര്‍ മുതല്‍ ചികിത്സാ സൗകര്യങ്ങള്‍ വരെ നീളുന്നു ആ പട്ടിക. പൊലീസ് പുറത്തുവിട്ട ആദ്യ എഫ്.ഐ.ആറില്‍ 304 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. നേരത്തെ മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമായിരുന്നു (304) ചുമത്തിയിരുന്നത്. സംഭവം വിവാദമായതിനെ തുടര്‍ന്നാണ് എഫ്.ഐ.ആര്‍ പുറത്തു വിട്ടത്. എഫ.്‌ഐ.ആറില്‍ പൊലീസിന്റെ വീഴ്ച്ച വ്യക്തമാണ്. എഫ്.ഐ.ആറില്‍ ശ്രീറാമിന്റെ പേര് പരാമര്‍ശിച്ചിട്ടില്ല. മദ്യം ഉപയോഗിച്ചതും ഒഴിവാക്കിയിട്ടുണ്ട്. കേസിലെ സാക്ഷിമൊഴികളും പരിഗണിച്ചിട്ടില്ല. വാഹനം ഓടിച്ചത് ആരെന്നറിയില്ലെന്നും എഫ്.ഐ.ആറില്‍ പറയുന്നു. പൊലീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള എഫ്.ഐ.ആര്‍ പ്രകാരം 304 എ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 304 വകുപ്പ് ചുമത്തുന്നെന്നാണ് കഴിഞ്ഞ ദിവസം ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചത്.ഐ.പി.സി 304 വകുപ്പ് പ്രകാരം പൊലീസ് കേസെടുക്കുകയും കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്യുകയും ചെയ്ത പ്രതിയുടെ നിയന്ത്രണം പൂര്‍ണമായി സ്വകാര്യ ആസ്പത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മാത്രം വിട്ടുകൊടുക്കുകയായിരുന്നു. ഇയാള്‍ക്ക് ഗുരുതര പരിക്കുകളില്ല. അപകട സമയത്ത് ശ്രീറാമിനൊപ്പമുണ്ടായിരുന്ന വഫാ ഫിറോസിനെതിരെ കേസെടുത്തത് സംശയകരമാണ്. ദൃക്‌സാക്ഷിയെ കൂട്ടു പ്രതിയാക്കി ശക്തമായ മൊഴി ഇല്ലാതാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന പ്രധാന മൊഴി വഫയുടേതാണ്. ഇത് ശ്രീറാമിനെ കുടുക്കുന്നതായതു കൊണ്ടുതന്നെ പൊലീസ് കാര്യമായ ഇടപെടല്‍ നടത്തുന്നത്. വഫക്കെതിരെ രണ്ട് വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അപകടം നടന്ന അന്നു മുതല്‍ മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കും വരെ പൊലീസിന്റെ വഴിവിട്ട സഹായം തുടര്‍ന്നു.

SHARE