ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ മംഗളൂരുവിൽ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട രണ്ടുപേരെ കലാപകാരികളാക്കി എഫ്.ഐ.ആർ. കൊല്ലപ്പെട്ട നൗഷീൻ ജോലിക്കുപോയി മടങ്ങിവരുകയായിരുന്നുവെന്നും, ട്യൂഷൻ കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന മക്കളെ കാത്തുനിൽക്കുകയായിരുന്നു ജലീലെന്നുമുള്ള ബന്ധുക്കളുടെ വാദവും സാക്ഷികളുടെ മൊഴികളും നിലനിൽക്കെയാണ് ഇരുവരെയും പ്രതികളാക്കി മംഗളൂരു നോർത്ത് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
രണ്ടായിരത്തോളം പേരാണ് കലാപമുണ്ടാക്കാൻ ലക്ഷ്യമിട്ട് മംഗളൂരു നഗരത്തിൽ സംഘടിപ്പിച്ചതെന്നും കൊല്ലപ്പെട്ട രണ്ടുപേരും പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നുവെന്നും എഫ്.ഐ.ആറിൽ പൊലീസ് പറയുന്നു. ജലീലിനെ മൂന്നാം പ്രതിയായും നൗഷീനെ എട്ടാം പ്രതിയാക്കിയുമുള്ള എഫ്.ഐ.ആറിൽ, പ്രതിഷേധത്തിൽ പങ്കെടുത്ത 77 പേർക്കെതിരെയാണ് കലാപശ്രമത്തിന് കേസെടുത്തത്.
വ്യാഴാഴ്ച വൈകീട്ട് മംഗളൂരു ടൗൺഹാൾ പരിസരത്താണ് പ്രതിഷേധക്കാർക്കുനേരെ പൊലീസ് വെടിയുതിർത്തത്. വെടിവെപ്പിൽ മംഗളൂരു കുദ്രോളിയിലെ നൗഷീൻ (20), കന്തക്കിലെ അബ്ദുൽ ജലീൽ (40) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ ഏഴോളം പേർ മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കുമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ കഴിഞ്ഞ ദിവസം ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരെ ഉൾപ്പെടെ കലാപകാരികളാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പൊലീസ് സ്റ്റേഷൻ ആക്രമിക്കുമെന്ന് പ്രതിഷേധക്കാർ വിളിച്ചുപറയുന്നുണ്ടായിരുന്നുവെന്ന് പറഞ്ഞുകൊണ്ട് പൊലീസ് വെടിവെപ്പിനെ യെദിയൂരപ്പ ന്യായീകരിച്ചിരുന്നു.