വിശപ്പകറ്റാന്‍ മോഷ്ടിച്ച പ്രതി അമ്മയെ കാണാന്‍ ജയില്‍ചാടി; ഒടുവില്‍ പൊലീസുകാരുടെ സാന്നിധ്യത്തില്‍ തന്നെ യാത്രാമംഗളം


കണ്ണൂര്‍: മംഗളയിലെ മടക്കയാത്രക്ക് അജയ്കുമാറിന് മംഗളം നേരുമ്പോള്‍ കാക്കിയിട്ടവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ജയില്‍ ചാടി തങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടാന്‍ കാരണമായ പ്രതിയെ ജയില്‍ വകുപ്പ് യാത്രയാക്കിയത് പുത്തനുടുപ്പും പോക്കറ്റ് മണിയും നല്‍കിയാണ്. യാത്രയില്‍ കഴിക്കാന്‍ കണ്ണൂരിന്റെ സ്‌നേഹം നിറച്ച്, വീട്ടില്‍ തയാറാക്കിയ ഭക്ഷണവും. മടങ്ങാനിഷ്ടമില്ലാതെ പ്രതിയും സങ്കടത്തോടെ ജയില്‍ അധികൃതരും സഹതടവുകാരും അവനെ നാട്ടിലേക്ക് യാത്രയാക്കി.

വിശപ്പുമാറ്റാന്‍ 600 രൂപ മോഷ്ടിച്ചതിനു ജയിലിലായ യുപി സ്വദേശി അജയ്കുമാര്‍ വീണ്ടും പിടിയിലായത് അമ്മയെ കാണാനായി ജയില്‍ ചാടിയപ്പോഴാണ്. ഇന്നലെ വൈകിട്ട് മംഗള എക്‌സ്പ്രസിലാണ് കണ്ണൂരില്‍നിന്നു യുപിയിലെ ഝാന്‍സിയിലേക്കു മടങ്ങിയത്. ബന്ധുക്കള്‍ ജാമ്യത്തുക കെട്ടിവച്ചതോടെ കാസര്‍കോട്ടെ മോഷണക്കേസിലും, സ്വന്തം ജാമ്യത്തില്‍ കണ്ണൂരിലെ ജയില്‍ ചാട്ടക്കേസിലും ജാമ്യം ലഭിച്ചിരുന്നു.

ജോലി തേടി നാട്ടിലെത്തിയ യുപി സ്വദേശി അജയ്കുമാര്‍ കാസര്‍കോട്ടെ ഹോട്ടലില്‍ ജോലി ചെയ്‌തെങ്കിലും കൂലി കിട്ടാതിരുന്നതോടെയാണ് ആദ്യം യാചകനും പിന്നീട് മോഷ്ടാവുമായത്. ജയില്‍ അധികൃതര്‍ ഇടപെട്ടാണ് വീട്ടുകാരെ കണ്ടെത്താനും ജാമ്യം ലഭിക്കാനും വഴിയൊരുക്കിയത്. ജയില്‍ അധികൃതര്‍ തന്നെ ടിക്കറ്റെടുത്തു നല്‍കി.

ട്രെയിനില്‍ കണ്ട ഡല്‍ഹിയിലേക്കു പോകുന്ന സൈനികനെ താല്‍ക്കാലിക കെയര്‍ ടേക്കറായി ചുമതല ഏല്‍പിച്ചു. നാളെ രാവിലെ ട്രെയിന്‍ ഉത്തര്‍പ്രദേശിലെത്തും. അവിടെ എത്തുമ്പോള്‍ ഝാന്‍സിയില്‍ സഹോദരീ ഭര്‍ത്താവ് എത്തി കൂട്ടിക്കൊണ്ടുപോകും. എത്തുന്ന ഉടന്‍ ചിത്രങ്ങള്‍ അയച്ചു നല്‍കണമെന്ന് സൈനികനോടും ബന്ധുക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്. സുരക്ഷിതമായി എത്തിച്ചേരുമെന്ന് ഉറപ്പാക്കാന്‍ റെയില്‍വേ പൊലീസ് വഴിയും ഉത്തര്‍പ്രദേശിലെ ലോക്കല്‍ പൊലീസ് വഴിയും ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സ്‌പെഷല്‍ സബ് ജയില്‍ സൂപ്രണ്ട് ടി.കെ.ജനാര്‍ദനന്‍ പറഞ്ഞു.

SHARE