ജനമൈത്രീ പൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ സ്റ്റേഷനുകളാകുന്നെന്ന് എം.കെ മുനീര്‍

കേരളത്തിലെ ജനമൈത്രീപൊലീസ് സ്റ്റേഷനുകള്‍ കൊലമൈത്രീ പൊലീസ് സ്റ്റേഷനുകളാകുന്നെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍. പൊലീസുകാരെ ന്യായീകരിക്കുന്ന ഇടുക്കി ജില്ലക്കാരനായ മന്ത്രിയും പൊലീസുകാര്‍ക്ക് എതിരെ നടപടിയെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും തമ്മില്‍ എങ്ങനെയാണ് ചേര്‍ന്ന് പോകുകയെന്നും മുനീര്‍ ചോദിച്ചു. നെടുങ്കണ്ടം ഉരുട്ടിക്കൊല കേസ് അന്വേഷണം അട്ടിമറിക്കാന്‍ മന്ത്രി എം.എം.മണി ഇടപെടുന്നുവെന്ന് ആരോപിച്ച് വാക്കൗട്ട് പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഓട്ടോ ഡ്രൈവര്‍ ഹക്കീമിന് മര്‍ദ്ദനമേറ്റ സംഭവം ആണ് അടിയന്തരപ്രമേയ നോട്ടീസിന് ആധാരമായി. സംഭവത്തില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മന്ത്രി മണിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണം. ഓട്ടോ ഡ്രൈവര്‍ ഹക്കീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു പോലീസുകാര്‍ക്കെതിരെ കേസെടുത്തുവെന്ന് മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം മന്ത്രി മണിയുടെ ഭാഷ സഹിക്കാനാകില്ലെന്ന് എം.കെ.മുനീര്‍ ചൂണ്ടിക്കാട്ടി. ഇടുക്കിയിലെ ഈ മന്ത്രി സ്വന്തമായി നാട്ടുഭാഷാ നിഘണ്ടു തയാറാക്കിയിരിക്കുകയാണ്. അതിലെ വാക്കുകളാണ് പൊലീസും ഉപയോഗിക്കുന്നത്. മന്ത്രിയുടെ അത്തരം വാക്കുകള്‍ കേള്‍ക്കാനുള്ള ശ്രവണശേഷി പ്രതിപക്ഷത്തിനില്ലെന്നും മുനീര്‍ പറഞ്ഞു.

ഇങ്ങനെയുള്ള ആള്‍ക്കാരുള്ളപ്പോള്‍ ഇനിയും ആള്‍ക്കാര്‍ക്ക് നേരെ അതിക്രമം ഉണ്ടാകുകയും മരണം ഉണ്ടാകുകയും ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.
ആരെങ്കിലും കുറ്റം ചെയ്താല്‍ അവരെ മര്‍ദിച്ചു കൊല്ലുന്നതല്ല പൊലീസിന്റെ ജോലി. ഇത്തരത്തില്‍ പ്രതികള്‍ക്കാണെങ്കിലും ഭക്ഷണവും വെള്ളവും കൊടുക്കാതെ മര്‍ദിക്കുന്ന പ്രാകൃതരൂപം കേരളത്തില്‍ ഉണ്ടാകരുത്. കുമാറിനെ ക്രൂരമായി മര്‍ദിച്ചു കൊന്ന നെടുങ്കണ്ടം ലോക്കപ്പിലാണ് ഹക്കിം എന്ന ഓട്ടോ ഡ്രൈവര്‍ക്ക് അതിക്രൂരമായി മര്‍ദനമേറ്റതെന്നും അദ്ദേഹം പറഞ്ഞു.

ലോക്കപ്പില്‍ നടന്നതൊന്നും ഇടുക്കി എസ്.പി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസിക്കാനാകില്ല. കേസിലെ പ്രധാനപ്രതി ആരാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു.