‘ബിജെപി പരിപാടികളില്‍ പ്രതിഷേധിച്ച് കടകള്‍ അടക്കരുത്, നിയമനടപടി സ്വീകരിക്കും’; സര്‍ക്കുലര്‍ ഇറക്കി പൊലീസ്

ഇടുക്കി: ബിജെപി പരിപാടികളില്‍ പ്രതിഷേധിച്ച് കടകള്‍ അടക്കരുതെന്നും അല്ലാത്ത പക്ഷം കേസെടുക്കുമെന്നും പൊലീസിന്റെ അറിയിപ്പ്. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഇറക്കിയതാണ് സര്‍ക്കുലര്‍.

‘കരിമണ്ണൂരില്‍ ബിജെപിയുടെ നേതൃത്വത്തില്‍ ജനജാഗ്രതാ സമിതി എന്ന സംഘടന പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കുന്നതിനോടനുബന്ധിച്ച് പ്രകടനവും പൊതുസമ്മേളനവും നടത്തുന്നതായി അറിയുന്നു. ആയതിനാല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ കടകളടച്ച് അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തരുതെന്നും വര്‍ഗ്ഗീയമായ ചേരിതിരിവ് സൃഷ്ടിച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്’- സര്‍ക്കുലറില്‍ പറയുന്നു.

നേരത്തെ, കോഴിക്കോട് കൊടുവള്ളിയിലടക്കം ബിജെപി പരിപാടികളില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ കടകള്‍ അടച്ചിരുന്നു. തുടര്‍ന്ന് ബിജെപി നടത്തിയ പ്രകോപനപരമായ പ്രകടനം വിവാദമായിരുന്നു. അന്നും കടകളടച്ച് പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തിരുന്നു.

SHARE