പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം; റഫീഖ് അഹമ്മദിനെതിരെ കേസ്

തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദിനെതിരേ കേസെടുത്ത് പൊലീസ്. റഫീക് അഹമ്മദ് ഉള്‍പ്പടെ
20 പേര്‍ക്കെതിരേയാണ് നടപടി. തൃശൂര്‍ കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രതിഷേധം നടത്തിയെന്നാരോപിച്ചാണ് കേസ്. അനുമതി വാങ്ങാതെ ഉച്ചഭാഷിണി ഉപയോഗിച്ചതിനും സംഗീത സന്ധ്യയെന്ന് പ്രചരിപ്പിച്ച് കോര്‍പ്പറേഷനെ തെറ്റിദ്ധരിപ്പിച്ചതിനുമാണ് കേസെന്നാണ് പൊലീസ് വാദം.

അയ്യന്തോള്‍ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ പ്രതിഷേധം നടത്താന്‍ സംഘാടകര്‍ അനുമതി വാങ്ങിയിരുന്നില്ലെന്ന് വെസ്റ്റ് പൊലീസ് പറഞ്ഞു. ലുധീപ് പെരുന്തല്‍മണ്ണ, ആകാശ്, കവിത ബാലകൃഷ്ണന്‍, ശ്രുതി ശരണ്യ, ഗിറ്റാറിസ്റ്റ് പോള്‍സണ്‍, ഗിറ്റാറിസ്റ്റ് ആകാശ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി റഫീഖ് അഹമ്മദ് രംഗത്തെത്തി. പ്രതിഷേധ പരിപാടിയാണെന്നു പറഞ്ഞാണു തന്നെ വിളിച്ചതെന്നും താന്‍ അതിഥിയായിരുന്നെന്നും റഫീഖ് അഹമ്മദ് പറഞ്ഞു. തങ്ങളില്‍ ചിലര്‍ പരിപാടിയില്‍ പങ്കെടുത്ത ശേഷം ഉടന്‍ തന്നെ തിരിച്ചുപോയെന്നും സമാധാനപരമായ പ്രതിഷേധമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരാണ് തന്റെ നിലപാടെന്നും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കെതിരെ കേസ് വരുന്നത് അന്യായമാണെന്നും പറഞ്ഞ റഫീഖ് അഹമ്മദ്, ഇനിയും ഇത്തരം പരിപാടികളില്‍ വിളിച്ചാല്‍ പോകുമെന്നും വ്യക്തമാക്കി.

SHARE