സി.എ.എ അനുകൂല ആര്‍.എസ്.എസ് പരിപാടിയെ എതിര്‍ത്ത സ്ത്രീക്കെതിരെ പൊലീസ് കേസ്

കൊച്ചി: എറണാകളും പാവക്കുളം ക്ഷേത്രത്തില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസിന്റെ പരിപാടിക്കിടെ പ്രതിഷേധിച്ച യുവതിക്കെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് വനിതാ സ്‌റ്റേഷന് കൈമാറി.

എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതായി വനിതാ സ്‌റ്റേഷനിലെ എസ്.ഐ ഷമ്മി പറഞ്ഞു. ഐപിസി 447 പ്രകാരം അതിക്രമിച്ച് കയറിയതിനാണ് കേസെടുത്തിരിക്കുന്നത്.

പൗരത്വ നിയമത്തെ അനുകൂലിച്ച് ക്ഷേത്രത്തില്‍ നടത്തിയ മാതൃസംഗമം പരിപാടിക്കിടെയായിരുന്നു യുവതിയുടെ പ്രതിഷേധം. യുവതിയെ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ യുവതിയെ വേദിയില്‍ നിന്നും അധിക്ഷേപിച്ച് തള്ളിപ്പുറത്താക്കുന്ന വീഡിയോ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് നിയമത്തെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു.

പ്രതിഷേധിച്ച യുവതി അര്‍ബന്‍ നക്‌സലൈറ്റാണെന്ന് സംഘപരിവാര്‍ ഗ്രൂപ്പുകളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പരിപാടിയുമായി ബന്ധമില്ലാത്ത യുവതി പരിപാടി അലങ്കോലപ്പെടുത്താനെത്തിയെന്നാണ് ഇവര്‍ക്കെതിരെയുള്ള പരാതി.