മദ്രാസ് സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തിയ കമല്‍ഹാസനെ പൊലീസ് തടഞ്ഞു

പൗരത്വ നിയമ ഭേഗദതിക്കെതിരെ മദ്രാസ് സര്‍വകലാശാലയില്‍ പ്രതിഷേധം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ കമല്‍ ഹാസനെ പോലീസ് തടഞ്ഞു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് കാമ്പസിന് അകത്ത് പ്രവേശിക്കുന്നതില്‍ നിന്ന് കമലഹാസനെ തടഞ്ഞതെന്നാണ് വിശദീകരണം.

വിദ്യാര്‍ത്ഥികള്‍ കാമ്പസിനകത്തുണ്ട്. അവര്‍ക്ക് പിന്തുണയുമായാണ് ഞാനെത്തുന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ അകത്തേക്ക് പ്രവേശനമുള്ളൂ എന്നാണ് പോലീസ് പറയുന്നത്. ഞാന്‍ എന്നെ ഒരു വിദ്യാര്‍ത്ഥിയായിട്ടാണ് കാണുന്നത്. മരണം വരെ ഞാന്‍ എന്നെ വിദ്യാര്‍ത്ഥിയെന്ന് വിളിക്കും. പാര്‍ട്ടി ആരംഭിച്ചില്ലെങ്കിലും ഇല്ലെങ്കിലും ഞാന്‍ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. പൗരത്വ നിയമ ഭേഗദതിക്കെതിരെ ഡിസംബര്‍ 23 ന് നടക്കുന്ന മഹാറാലിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കൊപ്പം മക്കള്‍ നീതി മയ്യം അണിചേരുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

മദ്രാസ് സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് കമല്‍ഹാസന്‍. ചൊവ്വാഴ്ച പോലീസ് പിടികൂടിയ രണ്ട് വിദ്യാര്‍ഥികളെ വിട്ടയക്കണമെന്നും പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.