ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ ഒത്തുകളിച്ച് പൊലീസ്

തിരുവനന്തപുരം: മാധ്യമപ്രര്‍ത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ തുടക്കം മുതല്‍ പൊലീസ് ഒത്തുകളിക്കുകയും ഒത്തുകളി വിവാദമാകുകയും ചെയ്തു. മദ്യപിച്ച് അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകട കാരണമെന്ന് ഒടുവില്‍ പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ബഷീര്‍ കൊല്ലപ്പെട്ടിട്ട് ആറുമാസം ആകുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കാതെ പൊലീസ് ഉരുണ്ടു കളിക്കുകയായിരുന്നു. ഫൊറന്‍സിക് പരിശോധന ഫലങ്ങള്‍ വൈകുന്നുവെന്ന് പറഞ്ഞായിരുന്നു അന്വേഷണം വൈകിച്ചത്. ശ്രീരാമിനെ സര്‍വീസില്‍ തിരികെ പ്രവേശിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രമായിരുന്നു ഇത്. കുറ്റപത്രം വൈകുന്ന സാഹചര്യത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്യുകയും ചെയ്തു. കുറ്റപത്രം വൈകുന്നതിനാല്‍ ആറുമാസത്തില്‍കൂടുതല്‍ സസ്‌പെന്‍ഷനില്‍ നിര്‍ത്താനാകില്ലെന്ന് ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സമതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ പൊലീസ് ബോധപൂര്‍വ്വം കുറ്റപത്രം വൈകിക്കുന്നതായി ആരോപണം ഉയരുകയും സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി ദീര്‍ഘിപ്പിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് രാത്രിയാണ് കെ.എം.ബഷീര്‍ തിരുവനന്തപുരം മ്യൂസിയത്തിന് സമീപം കാറിടിച്ച് കൊല്ലപ്പെട്ടത്. മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത പ്രഥമവിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീറാമിനെ സസ്‌പെന്‍ഡ് ചെയ്തത്. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന വനിതാ സുഹൃത്ത് വഫാ ഫിറോസാണ് കാറോടിച്ചതെന്നായിരുന്നു ശ്രീരാമിന്റെ നിലപാട്. ചീഫ് സെക്രട്ടറിക്ക് നല്‍കിയ വിശദീകരണത്തിലും ഇക്കാര്യം അദ്ദേഹം ആവര്‍ത്തിച്ചിരുന്നു. അപകടസമയത്ത് മദ്യപിച്ചിരുന്നെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു. രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു.
കേസ് അട്ടിമറിക്കാന്‍ പൊലീസ് തുടക്കംമുതല്‍ അമിത താല്‍പര്യമാണ് കാട്ടിയത്. അപകടസമയംമുതല്‍ തെളിവുകള്‍ നടശിപ്പിക്കുന്നതിനുള്ള ആസൂത്രിത നീക്കം നടത്തി. നിര്‍ണ്ണായക തെളിവായ രക്തപരിശോധന പൊലീസിന്റെ ഒത്താശയോടെ ഒന്‍പതുമണിക്കൂറിന് ശേഷമാണ് നടത്തിയത് .മ്യൂസിയം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത് നടന്ന അപകടത്തിനുശേഷം പൊലീസ് സാധാരണ നടപടികള്‍ പൊലും വൈകിപ്പിച്ചു. പൊലീസ് ഇടപെടല്‍ നടത്തിയത് മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു. അപകടത്തിനുശേഷം ശ്രീറാം വങ്കിട്ടരാമനെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശ്രീറാമിന് മദ്യത്തിന്റെ മണമുണ്ടെന്ന് ഡോക്ടര്‍ കേസ് ഷീറ്റില്‍ എഴുതിയെങ്കിലും രക്തപരിശോധന നടത്തിയില്ല. ഗുരുതര പരിക്കില്ലെങ്കില്‍ ആളെമെഡിക്കല്‍ പരിശോധന നടത്തണമെന്ന നടപടി ക്രമം പാലിക്കപ്പെട്ടില്ല. ശ്രീറാം രക്തസാമ്പിള്‍ നല്‍കുന്നതിന് എതിര്‍പ്പ് പ്രകടിപ്പിച്ചെന്നും എതിര്‍ത്താല്‍ ചില നടപടി ക്രമങ്ങള്‍കൂടി ബാക്കിയുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പൊലീസ് പരിശോധന വൈകിച്ചത്. ജനറല്‍ ആസ്പത്രിയിലെ ഡോക്ടര്‍ ശ്രീറാമിനെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും ശ്രീറാം സ്വന്തം ഇഷ്ടപ്രകാരം കിംസിലേക്ക് മാറുകയായിരുന്നു. ഇതിന് പൊലീസ് കൂട്ടുനില്‍ക്കുകയും ചെയ്തു. വാഹനം ഓടിച്ചത് കൂടെയുണ്ടായിരുന്ന സുഹൃത്താണെന്ന് ശ്രീറാം പറഞ്ഞിരുന്നു. എന്നാല്‍ സുഹൃത്തിനെ രക്തപരിശോധനക്ക് വിധേയമാക്കാതെ പൊലീസ് വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം ഇവരെ വിളിച്ചുവരുത്തിയത് .പൊലീസ് അന്വേഷണം വൈകുന്നതില്‍ കോടതിയും അതൃപ്തി രേഖപ്പെടുത്തിയിരുന്നു.