യു.ഡി.എഫ് ഹര്‍ത്താല്‍ : പെരിന്തല്‍മണ്ണയില്‍ പൊലീസ് നരനായാട്ട്

 

പെരിന്തല്‍മണ്ണ: നിയോജക മണ്ഡലം മുസ്‌ലിംലീഗ് ഓഫീസ് അടിച്ച് തകര്‍ത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ താലൂക്കില്‍ യു.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണമായതോടെ, പ്രകോപനം സൃഷ്ടിച്ച് പൊലീസ്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച യു.ഡി.എഫ് പ്രവര്‍ത്തകരെ അടിച്ചൊതുക്കാനായിരുന്നു പൊലീസ് ശ്രമം.
പെരിന്തല്‍മണ്ണ നഗരത്തിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പൊലീസിന്റെ നരനായാട്ടാണ് അരങ്ങേറിയത്. ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയും പ്രകടനം വിളിക്കുകയും ചെയ്ത പ്രവര്‍ത്തകരെ വളഞ്ഞിട്ട് മര്‍ദ്ദിച്ച് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. മലപ്പുറം ജില്ലാ പൊലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് പ്രതിഷേധക്കാരെയും വഴിയാത്രികരെയും കയ്യേറ്റം ചെയ്തത്. ദേശീയ പാതയില്‍ കൂട്ടിലങ്ങാടി മുതല്‍ പെരിന്തല്‍മണ്ണ വരെ പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു കൊണ്ടാണ് നീങ്ങിയത്. പല സ്ഥലങ്ങളിലും പൊലീസ് കല്ലും വടിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ ആക്രമിച്ചു. പടപ്പറമ്പിലും മക്കരപ്പറമ്പിലും അരിപ്രയിലും അങ്ങാടിപ്പുറത്തും പെരിന്തല്‍മണ്ണ നഗരത്തിലും പൊലീസ് അഴിഞ്ഞാടി.

റോഡരികില്‍ കൂട്ടം കൂടി നിന്ന പ്രവര്‍ത്തകരെ യാതൊരു പ്രകോപനവും കൂടാതെ പോലീസ് ലാത്തി വീശുകയായിരുന്നു. അരിപ്രയിലും തിരൂര്‍ക്കാട്ടും അടുത്തുള്ള വീടുകളിലേക്ക് ഇരച്ചുകയറിയും പൊലീസ് ഭീഷണി മുഴക്കി. വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും വരെ പരിഭ്രാന്തരാക്കിയ പൊലീസ് കയ്യില്‍ കിട്ടിയ യു.ഡി.എഫ് പ്രവര്‍ത്തകരെ അതി ക്രൂരമായി മര്‍ദിച്ചു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലീസ് ബസ്സില്‍ വെച്ചും മര്‍ദിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മര്‍ദിച്ച് അവശരാക്കിയത്.

താലൂക്കിലെ പ്രധാന ടൗണുകളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പാല്‍, പത്രം, ആസ്പത്രി, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലേക്ക് അടക്കമുള്ള വാഹനങ്ങള്‍ കടന്ന് പോകുന്നതിന് സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇവിടെയെല്ലാം പൊലീസ് ഇടപെട്ട് രംഗം വഷളാക്കുകയായിരുന്നു. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥപോലെയായിരുന്നു പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍. സി.പി.എം ഓഫീസുകളില്‍ തമ്പടിച്ച പൊലീസ് അവിടുന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിച്ചത്. മലപ്പുറം എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ഉച്ചഭക്ഷണം കഴിഞ്ഞ് മയങ്ങിയത് അങ്ങാടിപ്പുറം സി.പി.എം.ഓഫീസിലായിരുന്നു. കുറുവ പടപ്പറമ്പിലും പാങ്ങിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞാണ് പൊലീസ് പ്രകോപനം സൃഷ്ടിച്ചത്. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മുസ്‌ലിംലീഗ് ഓഫീസ് അടിച്ച് തകര്‍ത്ത നടപടിക്കെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് ഇടതുപക്ഷം പൊലീസിനെ വിന്യസിച്ച് നേരിട്ടിരിക്കുന്നത്. ഇതോടെ പൊലീസ് നടപടിക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.

SHARE