ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇന്നലെ രാത്രിയിലുണ്ടായ പോലീസ് അതിക്രമത്തിനു ശേഷവും വീര്യം ചോരാതെ ജാമിഅ മില്ലിയ വിദ്യാര്‍ത്ഥികള്‍. സര്‍വ്വകലാശാല പ്രവേശന കവാടത്തിന് മുന്നില്‍ ഇന്നും പ്രതിഷേധവുമായി നിരവധി വിദ്യാര്‍ത്ഥികളാണ് രംഗത്തെത്തിയിരിക്കുന്നത്.
ആണ്‍കുട്ടികള്‍ ഷര്‍ട്ട് ഊരി മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധിക്കുന്നത്. കാമ്പസിന്റെ ഏഴാം ഗേറ്റിന് മുന്നിലാണ് പ്രതിഷേധവുമായി നൂറുകണക്കിന് വിദ്യാര്‍ഥികളെത്തിയത്. ദേശത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന പ്രതിഷേധപ്രകടനം നടത്തുകയാണ് വിദ്യാര്‍ഥികള്‍. കാമ്പസിനുള്ളിലേക്ക് വിദ്യാര്‍ഥികളെ പോലിസ് കയറ്റിയിരുന്നില്ല. ഡല്‍ഹി പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിദ്യാര്‍ഥി ഷര്‍ട്ട് അഴിച്ച് സര്‍വകലാശാലയുടെ ഗേറ്റില്‍ ഇരിന്നതോടെയാണ് വിദ്യാര്‍ഥിക്ക് പിന്തുണയുമായി കൂടുതല്‍ പേരെത്തിയത്. തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.
സര്‍വ്വകലാശാല അനുമതി ലഭിക്കാതെ ക്യാമ്പസില്‍ കയറി വിദ്യാര്‍ത്ഥികളെ പോലീസ് അക്രമിച്ചത് ഇന്നലെ വൈകിയും രാജ്യതലസ്ഥാനത്ത് വന്‍പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ത്ഥികളെ കല്‍ക്കാജി പോലീസ് സ്റ്റേഷനില്‍ നിന്ന് വിട്ടയച്ചതിന് ശേഷം മാത്രമാണ് ഇന്ന് പുലര്‍ച്ചെ സമരക്കാര്‍ പിരിഞ്ഞ് പോയത്. മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സിക്രട്ടറി ഇടി. മുഹമ്മദ് ബഷീര്‍ എം പി ഇന്ന് ഡല്‍ഹിയിലെത്തി പരിക്കേറ്റ വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കും. അതിനിടെ അലിഗര്‍ മുസ്ലിം സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കുമെന്നാണ് ഉത്തര്‍പ്രദേശ് പോലീസ് പറയുന്നത്. ജാമിയ സമരത്തിന് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അലീഗറിലും പോലീസ് ആക്രമണം അഴിച്ചു വിട്ടിരുന്നു.