കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സമഗ്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം. കളക്ട്രേറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഏകപക്ഷീയമായി ടിയര്‍ ഗ്യാസും, ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ തന്നെ ഏകപക്ഷീയമായി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്,സംസ്ഥാന സെക്രട്ടറി ആഷിക്ക് ചെലവൂര്‍,കോഴിക്കോട് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍,കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് ഒ.എം നൗഷാദ് എന്നിവര്‍ക്ക് പരിക്കേറ്റു. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് 50 ല്‍ താഴെ പ്രവര്‍ത്തകരായിരുന്നു മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്. എന്നാല്‍ പൊലീസ് അതിക്രമം അഴിച്ചുവിടാന്‍ വലിയ സന്നാഹവുമായിട്ടാണ് എത്തിയത്.

പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്ലാ വലിയ കുറ്റകൃത്യങ്ങളുടേയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉയരുമ്പോള്‍ തനിക്കെതിരെ എന്തെങ്കിലും തെളിവുകളുണ്ടോയെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തുമായി യാതൊരു ബന്ധവുമില്ലെങ്കില്‍ പിന്നെ എന്തിനാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റിയതെന്ന് പിണറായി വിജയന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
