കളിക്കളത്തില്‍ നിന്ന് വിശ്രമമില്ലാതെ കര്‍മ്മരംഗത്ത് ; പൊലീസ് കായികതാരങ്ങള്‍ ഓണ്‍ ഡ്യൂട്ടിയിലാണ്

ടി.കെ ഷറഫുദ്ദീന്‍

കോഴിക്കോട്: കായികമേഖല നിശ്ചലമായിട്ട് ആഴ്ചകള്‍ പിന്നിടിന്നു. നഗര ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഒഴിഞ്ഞ മൈതാനങ്ങള്‍ മാത്രം… ലോക് ഡൗണില്‍ പ്രമുഖതാരങ്ങളടക്കം വീട്ടിലിരിക്കുമ്പോള്‍ നിരത്തുകളില്‍ ഓടിനടക്കുന്ന ചില ഫുട്‌ബോള്‍ താരങ്ങളുണ്ട്…. ഇവര്‍ക്ക് നിയമം ബാധകമല്ലേയെന്ന് സംശയിക്കേണ്ട.. കേരള പൊലീസിന് വേണ്ടി മിന്നും പ്രകടനം നടത്തുന്നവര്‍ വിവിധ സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ ഡ്യൂട്ടിയിലാണിപ്പോള്‍. നിലവില്‍ സന്തോഷ് ട്രോഫി ടീമിലുള്ള താരങ്ങളും മുന്‍ സന്തോഷ് ട്രോഫി താരങ്ങളുമെല്ലാമായി 153 പേരാണ് കൊറോണ കാലത്ത് കര്‍മ്മനിരതരാകുന്നത്. അടുത്തകാലത്ത് നിയമന ഉത്തരവ് ലഭിച്ചവര്‍ മുതല്‍ മുതിര്‍ന്ന താരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.
ഇത്തവണ സന്തോഷ് ട്രോഫി ഫൈനല്‍റൗണ്ടിലേക്ക് യോഗ്യതനേടിയ കേരളടീം അംഗങ്ങളായ വിബിന്‍തോമസ്, ശ്രീരാഗ്, സഞ്ജു ഗണേഷ് എന്നിവരെല്ലാം പൊലീസ് യൂണിഫോമില്‍ വിവിധ സ്‌റ്റേഷനുകളിലുണ്ട്. മിസോറാമില്‍ സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്കുള്ള തയാറെടുപ്പിനിടെയാണ് കൊറോണ ഇവര്‍ക്ക് മുന്നില്‍ വില്ലനായെത്തിയത്. രോഗവ്യാപനസമയങ്ങളില്‍ പലരും വിവിധ ഫുട്‌ബോള്‍ മത്സരങ്ങളിലും ക്യാമ്പുകളിലുമെല്ലാമായിരുന്നു. പിന്നീട് രാജ്യം ലോക് ഡൗണിലേക്ക് നീങ്ങിയതോടെ ജോലിയെടുക്കേണ്ട സ്ഥലങ്ങളിലേക്ക് യാത്രതിരിക്കാനുമായില്ല. ഇതോടെ വീടിനോട് ചേര്‍ന്ന പൊലീസ് സ്‌റ്റേഷനില്‍ ജോലിയില്‍ പ്രവേശിക്കാന്‍ എഡിജിപിയുടെ ഉത്തരവ് ലഭിച്ചു. ഇതുപ്രകാരം വിബിന്‍ ചാലക്കുടി സ്‌റ്റേഷനിലും ശ്രീരാഗ് ചാലിശ്ശേരിയിലും സഞ്ജു ആലുവയിലും കര്‍മ്മമേഖലയായി സ്വീകരിച്ചു.
വാഹന പരിശോധന, പട്രോളിംഗ്, അതിഥി തൊഴിലാളികളുടെ കണക്കെടുപ്പ്, ആരോഗ്യവകുപ്പുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി രാപകല്‍ അദ്ധ്വനമാണ് എല്ലാവര്‍ക്കും. മുന്‍പ് തെരഞ്ഞെടുപ്പ്, പ്രളയം തുടങ്ങി അത്യാവശ്യ സന്ദര്‍ഭങ്ങളിലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഡ്യൂട്ടിയെടുക്കേണ്ടിവരാറുള്ളത്. എന്നാല്‍ സ്വന്തം നാട്ടില്‍ അപൂര്‍വ്വമായി മാത്രമാണ് ഡ്യൂട്ടി ലഭിക്കാറുള്ളത്. നാട്ടുകാര്‍ക്കിടയില്‍ ജോലി ചെയ്യാന്‍ അവസരം ലഭിച്ചതും ഫുട്‌ബോള്‍ താരമെന്ന നിലയില്‍ തിരിച്ചറിയുന്നതുമെല്ലാം പുതിയ അനുഭവമാണെന്ന് മഞ്ചേരി സ്‌റ്റേഷനില്‍ ജോലിചെയ്യുന്ന മുന്‍സന്തോഷ് ട്രോഫി താരം ഫിറോസ് കളത്തിങ്ങല്‍ പറയുന്നു. ഈകാലവും കഴിഞ്ഞ് പ്രത്യാശയുടെ പുതിയപുലരിയ്ക്കായുള്ള കാത്തിരിപ്പിലാണ് ഇവരും.

SHARE