ഭീകരരെന്ന് തെറ്റിദ്ധരിച്ച് എക്‌സ്ട്രാ നടന്മാരെ അറസ്റ്റ് ചെയ്ത് പൊലീസ്

വസായ്: സിനിമയിൽ വില്ലന്മാരായി വേഷമിടുന്ന നടന്മാരെ ഭീകരവാദികളെന്ന് തെറ്റിദ്ധരിച്ച് അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. ഋതിഷ് റോഷനും ടൈഗർ ഷ്‌റോഫും അഭിനയിക്കുന്ന ആക്ഷൻ ചിത്രത്തിന്റെ സെറ്റിലാണ് വിചിത്രമായ പൊലീസ് നടപടി അരങ്ങേറിയത്.

ചിത്രത്തിൽ അഭിനയിക്കുന്ന എക്‌സ്ട്രാ നടന്മാരായ ബൽറാം ഗിൻവാലയും (23) അർബാസ് ഖാനും (20), ഷൂട്ടിങ് വേഷത്തിൽ സിഗരറ്റ് വാങ്ങാൻ പുറത്തിറങ്ങിയതാണ് സംഭവങ്ങളുടെ തുടക്കം. നീണ്ട താടിയും തലപ്പാവും വിചിത്രമായ വേഷങ്ങളുമായി വസായ് മേഖലയിലെ ഒരു കടയിൽ ചെന്ന ഇവരെപ്പറ്റി ആരോ പൊലീസിന് വിവരം കൊടുക്കുകയായിരുന്നു. ഒരു മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിൽ പൊലീസ് ഇവരെ പിടികൂടി.

ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും സിനിമയിൽ അഭിനയിക്കാനെത്തിയതാണെന്ന് വ്യക്തമായത്. ഇരുവരെയും വിട്ടുകിട്ടാൻ സിനിമയുടെ അണിയറ പ്രവർത്തകർക്ക് രേഖകൾ ഹാജരാക്കേണ്ടി വന്നു. വിട്ടയച്ചെങ്കിലും പൊതുജനങ്ങളെ ഭയപ്പെടുത്തി എന്ന പേരിൽ ഇരുവർക്കുമെതിരെ ഐ.പി.സി 188-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.

സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രം ജൂലൈയിൽ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.