അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷത്തിന് ശേഷം പിടിയില്‍

കോട്ടയത്ത് അയല്‍വാസിയെ കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതി 24 വര്‍ഷങ്ങള്‍ക്കു ശേഷം പൊലീസിന്റെ പിടിയിലായി. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോയി കര്‍ണാടകയിലെ ശിവമൊഗ്ഗയിലാണ് ആള്‍മാറാട്ടം നടത്തി താമസിച്ചിരുന്ന കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കോട്ടയം കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്.

1996 ഓഗസ്റ്റ് 23ന് രാത്രി 9 നാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി ജോസഫ് കൊല്ലപ്പെട്ടത്. മൃതദേഹം സമീപത്തെ പാടശേഖത്തോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തുകയായിരുന്നു. പ്രതി അയല്‍വാസിയായ കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണെന്നു കണ്ടെത്തി. പക്ഷെ കസ്റ്റഡിയിലെടുക്കും മുന്‍പ് വര്‍ക്കി മുങ്ങി. സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് നിരവധി തവണ പരിശോധന നടത്തിയെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല.

മുങ്ങി നടന്ന വര്‍ക്കിക്ക് പക്ഷെ ലോക്ഡൗണ്‍ കാലം കുരുക്കായി. 24 വര്‍ഷങ്ങള്‍ക്ക് ശേഷം തിങ്കളാഴ്ച വൈകിട്ട് ബന്ധുക്കളെ കാണാനെത്തിയ വര്‍ക്കിയെ കുറവിലങ്ങാട് പൊലീസ് തന്ത്രപരമായി പിടികൂടി. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോടിക് ഡി.വൈ.എസ.്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പ്രതിയെ പിടികൂടി. തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലെ ശിവമൊഗ്ഗയിലുമാണ് വര്‍ക്കി ഒളിവില്‍ കഴിഞ്ഞത്. അലക്‌സ് എന്ന പേരില്‍ വ്യാജ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും പ്രതി സംഘടിപ്പിച്ചിരുന്നു.

SHARE