ശ്രീറാം വെങ്കിട്ടരാമനെയും വഫ ഫിറോസിനെയും രക്ഷിക്കാന്‍ എഫ്.ഐ.ആറില്‍ അട്ടിമറി

തിരുവനന്തപുരം എം ബഷീറിനെ വണ്ടിയിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമന്‍ ഐ എ എസിനെയും പെണ്‍സുഹൃത്ത് വഫാ ഫിറോസിനെയും രക്ഷിക്കാന്‍ എഫ് ഐ ആറില്‍ നടത്തിയ അട്ടിമറിക്ക് ചുക്കാന്‍ പിടിച്ചത് മ്യൂസിയം പൊലീസ്. കേസില്‍ പ്രതിയായ കൊലയാളിക്ക് രക്ഷപ്പെടാനുള്ള പഴുതൊരുക്കി എഫ് ഐ ആര്‍ രേഖപ്പെടുത്തിയത് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ ക്രമസമാധാന പാലന എസ് ഐ ഹരിലാലിന്റെ നേതൃത്വത്തിലാണ്. ഈ സാഹചര്യത്തില്‍ കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ വഴിയൊരുക്കി വഴിവിട്ട നീക്കങ്ങള്‍ നടത്തിയ മ്യൂസിയം എസ്, ഐ, സി ഐ എന്നിവര്‍ക്കെതിരെ നടപടിയെടുക്കണമമെന്നും എഫ് ഐ ആര്‍ റദ്ദാക്കി പുതിയ എഫ് ഐ ആര്‍ രേഖപ്പെടുത്തണമെന്ന് വിവിധ കോണുകളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്.
നിയമങ്ങള്‍ അട്ടിമറിച്ചും കൊലയാളിക്ക് തെളിവ് നശിപ്പിക്കാന്‍ അവസരം നല്‍കിയ മ്യൂസിയം പോലീസ് ഉദ്യോഗസ്ഥര്‍ ഗുരുതര വീഴ്ചയാണ് വരുത്തിയതെന്നും വീഴ്ച വരുത്തിയ പോലീസുകാര്‍ തന്നെ കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ബഷീറിന്റെ അപകട വിവരമറിഞ്ഞെത്തിയ സഹപ്രവര്‍ത്തകരെ തന്ത്രപൂര്‍വം കബളിപ്പിച്ച മ്യൂസിയം പോലീസ് ബഷീറിന്റെ സുഹൃത്തിക്കളെത്തുന്നതിന് മുമ്പ് തന്നെ പ്രതിയായ ശ്രീറാമിനെയും പെണ്‍ സുഹൃത്ത് വഫാ ഫിറോസിനെയും പറഞ്ഞുവിടുകയായിരുന്നു. സ്‌റ്റേഷന്‍ ചുമതലയുള്ള സി ഐ സുനിലിന്റെ പിന്തുണയോടെയാണ് എസ് ഐ ഹരിലാല്‍ ശ്രീറാം വെങ്കട്ടറാമിന് രക്ഷപ്പെടാനുള്ള പഴുതുകളൊരുക്കി എഫ് ഐ ആര്‍ തയ്യാറാക്കിയത്. സ്‌റ്റേഷന്‍ ചുമതലയുണ്ടായിരുന്ന സി ഐ സുനില്‍ സംഭവത്തിന് ശേഷം സ്‌റ്റേഷനില്‍ നിന്ന് മുങ്ങിയിരുന്നു. പിന്നീട് രാവിലെയാണ് സ്‌റ്റേഷനില്‍ തിരിച്ചെത്തിയത്.എഫ് ഐ ആറില്‍ രേഖപ്പെടുത്തിയ 304 വകുപ്പ് ഉള്‍പ്പെടെ പ്രഥമ വിവര റിപ്പോര്‍ട്ടിലെ പ്രതിക്കനുകൂലമായ ഘടകങ്ങളെല്ലാം മ്യൂസിയം പോലീസിന്റെ ഇടപെടലുകളാണ് വ്യക്തമാക്കുന്നത്. എഫ് ഐ ആറില്‍ പ്രതികളുടെ വിലാസം സംബന്ധിച്ച് വിവരമില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബഷീറിനെ ഇടിച്ചുകൊന്ന വാഹനം ഓടിച്ചിരുന്ന ആളുടെ പേരും റിപ്പോര്‍ട്ടിലില്ല. മാത്രമല്ല ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 279, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 279ാം വകുപ്പ് പ്രകാരം അമിത വേഗതയില്‍ അപകടമാം വിധം വാഹനമോടിച്ചതിനും 304 എ പ്രകാരം മനപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

SHARE