4 ജി റഫാലിനേക്കാള്‍ വിലകുറവില്‍ 5 ജി പോര്‍വിമാനങ്ങള്‍; പോളണ്ടിനെപ്പറ്റി പറയുമ്പോള്‍ അംബാനിയെ ഓര്‍ക്കണമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: മോദി സര്‍ക്കാറിന്റെ കാലത്ത് പ്രതിരോധ മന്ത്രാലയം വാങ്ങിയ നാലാം തലമുറയിലെ 36 റഫാല്‍ വിമാനങ്ങളേക്കാള്‍ വിലക്കുറവില്‍ അഞ്ചാം തലമുറ പോര്‍വിമാനങ്ങള്‍ വാങ്ങി പോളണ്ട് ഭരണകൂടം. അമേരിക്കയില്‍ നിന്ന് 32 എഫ് 35 എ മിന്നല്‍ II പോര്‍വിമാനങ്ങള്‍ 4.6 ബില്യണ്‍ ഡോളറിന് ഏറ്റെടുക്കുന്ന കരാറില്‍ രാജ്യം ഒപ്പുവച്ചതായി പോളിഷ് പ്രതിരോധമന്ത്രാലയം മന്ത്രി മരിയൂസ് ബ്ലാസ്‌ക്‌സാക്കാണ് വ്യക്തമാക്കിയത്.
ജനുവരി 31 ന് ഡെബ്ലിനില്‍ നടന്ന ഔദ്യോഗിക ചടങ്ങിലാണ് മന്ത്രി കരാര്‍ സംബന്ധിച്ച് വിശദീകരണം നല്‍കിയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റുമായി പരമാവധി 6.5 ബില്യണ്‍ ഡോളറിന് വില്‍പ്പന സംസാരിച്ച ശേഷമാണ് 4.6 ബില്യണ്‍ ഡോളര്‍ കരാറിന് അംഗീകാരം നല്‍കിയതെന്നും മന്ത്രി വ്യക്തമാക്കി.

പുതിയ പോര്‍വിമാനങ്ങള്‍ പോളിഷ് സൈന്യത്തെ സാങ്കേതിക കുതിച്ചുചാട്ടത്തിന് പ്രാപ്തമാക്കുമെന്നും പരിശീലന പാക്കേജിനൊപ്പമാകും 32 മള്‍ട്ടിറോള്‍ വിമാനങ്ങള്‍ രാജ്യത്തെത്തുകയെന്നും പോളിഷ് മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, യുഎസുമായുള്ള പോളണ്ടിന്റെ പുതിയ പോര്‍വിമാന കരാറിനെ ഫ്രാന്‍സുമായുള്ള ഇന്ത്യയുടെ റഫാല്‍ വിമാന കരാറുമായി താരതമ്യം ചെയ്ത പ്രശാന്ത് ഭൂഷന്‍, കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനമുന്നയിച്ചു.

രാജ്യത്തെ പ്രതിരോധ മേഖലയിലെ വന്‍ അഴിമതിയായി വിവാദമായ റഫാല്‍ കരാറില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രംഗത്തെത്തിയ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയാണ് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററിലൂടെയാണ് വിമര്‍ശനമുന്നയിച്ചത്.
ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്ന് അഞ്ചാം തലമുറയിലെ 32 എഫ് യുദ്ധവിമാനങ്ങള്‍ പോളണ്ട് വാങ്ങുന്നതായും. ഇതിന് മോദിയുടെ 36 നാലാം തലമുറ റഫാലിനേക്കാള്‍ പകുതിയില്‍ താഴെ മാത്രം വിലയുള്ളൂവെന്നും, അദ്ദേഹം പരിഹസിച്ചു. പോളണ്ട് കരാറില്‍ നിങ്ങള്‍ക്ക്‌ അംബാനിയെ ഓര്‍ക്കാമെന്നും, പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറഞ്ഞു.

അതേസമയം പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ അഴിമതി എന്ന നിലയില്‍ മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടിയ ആരോപണം സുപ്രീം കോടതി തള്ളിയതാണ്. യുദ്ധവിമാന നിര്‍മാണത്തില്‍ പതിറ്റാണ്ടുകളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎല്‍) ഒഴിവാക്കി, സ്വകാര്യ സ്ഥാപനമായ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡിന് 1.30 ലക്ഷം കോടി രൂപ ലഭിക്കാന്‍ ഈ ഇടപാടിലൂടെ വഴിയൊരുക്കിയെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തിയിരുന്നത്. ബിജെപിയുടെ തന്നെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂറി, യശ്വന്ത് സിന്‍ഹ എന്നിവരടങ്ങിയ വന്‍നിര തന്നെ മോദി ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു.

ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍ നിന്നു 18 വിമാനങ്ങള്‍ വാങ്ങാനും ബാക്കി 108 എണ്ണം സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ എച്ച്.എ.എല്ലില്‍ നിര്‍മിക്കാനുമുള്ള യുപിഎ സര്‍ക്കാരിന്റെ കാലത്തെ കരാര്‍ മോദി സര്‍ക്കാര്‍ മാറ്റുകയായിരുന്നു. 36 എണ്ണമാക്കിക്കുറച്ച് പൂര്‍ണ്ണ സജ്ജ പോര്‍വിമാനമാക്കി ഡാസോയില്‍ നിന്നു വാങ്ങാനാണ് ബിജെപി സര്‍ക്കാര്‍ കരാറുണ്ടാക്കിയത്. കരാര്‍ സ്വന്തമാക്കുന്ന വിദേശ കമ്പനി തുകയുടെ പകുതി ഇന്ത്യയില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണു പ്രതിരോധ സാമഗ്രി നിര്‍മാണത്തിനുള്ള അനുബന്ധ കരാറില്‍ (ഓഫ്‌സെറ്റ്) ഡാസോ ഏര്‍പ്പെട്ടത്.

ഇന്ത്യയില്‍ ഡാസോ നടത്തുന്ന നിക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാമഗ്രികള്‍ നിര്‍മിക്കുന്നതിനു പങ്കാളിയായി റിലയന്‍സ് എത്തിയതോടെയാണ് വിവാദം ആളിക്കത്തിയത്. ഇതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിക്കുകയും ചെയ്തു. എന്നാല്‍ റഫാല്‍ യുദ്ധവിമാന ഇടപാടില്‍ അഴിമതിയുണ്ടെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷണം വേണമെന്നുമുള്ള ഹര്‍ജികള്‍ കഴിഞ്ഞ ഡിസംബര്‍ 14നു സുപ്രീം കോടതി തള്ളി.

എന്നാല്‍, കേന്ദ്ര സര്‍ക്കാറിന് ക്ലീന്‍ ചിറ്റ് നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയിലെ അപാകതകള്‍ ചൂണ്ടിക്കാട്ടിയും, പുതിയ തെളിവുകളെ അടിസ്ഥാനമാക്കിയും വിധി പുനപരിശോധിക്കണെന്ന ആവശ്യമാണ് ഹരജിക്കാര്‍ വീണ്ടും മുന്നോട്ടുവെന്നു. റഫാലില്‍ മോദി സര്‍ക്കാറിന്റെ ഇടപെടല്‍ തെളിയിക്കുന്ന രേഖകള്‍ ദ ഹിന്ദു പത്രം പുറത്തുവിട്ടതോടെ ഇത് തെളിവായി പരിഗണിക്കാമെന്ന സുപ്രീം കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കുകയുമുണ്ടായി. തുടര്‍ന്ന് റഫാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കോടതിയെ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് ഭൂഷണ്‍, അരുണ്‍ ഷൂരി, യശ്വന്ത് സിന്ഹ എന്നിവര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ നിയമയുദ്ധം നയിക്കുകയും ചെയ്തു.

വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സമാന്തര ഇടപെടലുകളെ പ്രതിരോധമന്ത്രാലയ ഉദ്യോഗസ്ഥര്‍ എതിര്‍ത്തിരുന്നെന്നാണ് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ‘ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ചത് യഥാര്‍ത്ഥ രേഖകളാണെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ സമ്മതിച്ചിരുന്നു. റഫാല്‍ വിവാദം ഉയര്‍ത്തി 2014 തെരഞ്ഞെടുപ്പില്‍ ചൗകീദാര്‍ ചോര്‍ ഹെ മുദ്രവാക്യങ്ങളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ രംഗത്തെത്തുകയുമുണ്ടായി. യു.പി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ റഫാല്‍ ഇടപാടിനെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും, നരേന്ദ്ര മോദി ജയിലിലേക്ക് പോകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍ 2019 ല്‍ 2014ലേതിലും മികച്ച ഭൂരിപക്ഷത്തോടെ ബി.ജെ.പി വീണ്ടും കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു. ഇത് റഫാല്‍ ഇടപാടിനെക്കറിച്ചുള്ള തുടരന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കകളുണ്ടായിരുന്നു.

ഇതിനു പിന്നാലെ സുപ്രീം കോടതിയിലെത്തിയ റഫാല്‍ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി തള്ളി. ഇതോടെ റഫാല്‍ കരാര്‍ നിലനില്‍ക്കുമെന്ന 2018 ഡിസംബര്‍ 14ലെ വിധി നിലനില്‍ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ, ജസ്റ്റിസ് എസ്.കെ കൗള്‍, ജസ്റ്റിസ് കെ.എം ജോസഫ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് റഫാല്‍ കരാറില്‍ പുനഃപരിശോധന വേണ്ടെന്ന തീരുമാനത്തിലെത്തിയത്.