അജ്ഞാത ന്യുമോണിയ രോഗം പടരുന്നു, ഉയര്‍ന്ന മരണനിരക്ക്; പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ചൈന

അല്‍മാറ്റി: കസാക്കിസ്താനില്‍ അജ്ഞാത ന്യുമോണിയ രോഗം പടര്‍ന്നുപിടിക്കുന്നതിന്റെ സാഹചര്യത്തില്‍ പൗരന്മാര്‍ക്ക് ചൈനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം മാത്രം അറുന്നൂറിലേറെ പേര്‍ ന്യുമോണിയ ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കസാക്കിസ്താനിലെ ചൈനീസ് എംബസി രാജ്യത്തുള്ള ചൈനീസ് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

കോവിഡിനെക്കാള്‍ വളരെ ഉയര്‍ന്ന മരണനിരക്കാണ് പുതിയ രോഗത്തിനുള്ളതെന്നു മുന്നറിയിപ്പ് നിര്‍ദേശത്തില്‍ ചൈനീസ് എംബസി വ്യക്തമാക്കുന്നു. രോഗവ്യാപന സാഹചര്യത്തെക്കുറിച്ച് ചൈനീസ് പൗരന്‍മാര്‍ ബോധവാന്‍മാരാകാണമെന്നും രോഗബാധ തടയാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും എംബസി നിര്‍ദ്ദേശിച്ചു. വടക്കു പടിഞ്ഞാറന്‍ ചൈനീസ് സ്വയംഭരണ പ്രദേശമായ സിന്‍ജിയാങ് ഉയ്ഗൂര്‍ മേഖലുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് കസാക്കിസ്താന്‍.

കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 1,772 പേര്‍ കസാക്കിസ്താനില്‍ അജ്ഞാത ന്യുമോണിയ ബാധിച്ച് മരിച്ചു. ജൂണില്‍ മാത്രം ചൈനീസ് പൗരന്‍മാര്‍ ഉള്‍പ്പെടെ 628 പേര്‍ മരിച്ചുവെന്നും എംബസി പ്രസ്താവനയില്‍ പറഞ്ഞു. കസാക്കിസ്താനിലെ ആരോഗ്യ വകുപ്പ് ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യ സ്ഥാപനങ്ങള്‍ ഈ ന്യൂമോണിയ്ക്ക് കാരണമായ വൈറസിനെക്കുറിച്ച് കൂടുതല്‍ പഠിച്ചുവരുകയാണ്.

ന്യൂമോണിയ ബാധിച്ച രോഗികളുടെ എണ്ണം കോവിഡ് ബാധിച്ചവരേക്കാള്‍ രണ്ട് മുതല്‍ മൂന്ന് മടങ്ങ് വരെ കൂടുതലാണെന്ന് കസാക്കിസ്ഥാന്റെ ആരോഗ്യമന്ത്രി ബുധനാഴ്ച പറഞ്ഞതായി ചൈനീസ് സ്‌റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
അതേസമയം ന്യുമോണിയ കോവിഡിനെക്കാള്‍ മാരകമാണെന്ന ചൈനീസ് എംബസിയുടെ മുന്നറിയിപ്പ് കസാക്കിസ്താന്‍ ആരോഗ്യമന്ത്രാലയം തള്ളി. എംബസി പ്രസ്താവന അടിസ്ഥാനമാക്കി ചൈനീസ് മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകള്‍ വ്യാജമാണെന്ന് കസാക്കിസ്താന്‍ വ്യക്തമാക്കി.

SHARE