കോഴിക്കോട്ടെ ബാങ്ക് ലോക്കറിലെ സ്വര്‍ണമോഷണം: ആറ് വര്‍ഷമായിട്ടും കുറ്റപത്രമായില്ല

കോഴിക്കോട്: പഞ്ചാബ് നാഷണല്‍ ബാങ്ക് മുഖ്യശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയ കേസില്‍ ആറു വര്‍ഷമാകുമ്പോഴും കുറ്റപത്രമായില്ല. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റങ്ങള്‍ അന്വേഷിക്കുന്ന വിഭാഗമാണ് കേസ് അന്വേഷിക്കുന്നതെങ്കിലും കാര്യമായ നടപടികളൊന്നുമില്ലാത്ത അവസ്ഥയിലാണ്. പരാതിക്കാര്‍ പിന്‍വലിഞ്ഞതായും സൂചനയുണ്ട്. പൊലീസ് കമ്മീഷണര്‍ ആയിരുന്ന ഡി.സാലിയുടെ മകളും മരുമകളും ലോക്കറില്‍ സൂക്ഷിച്ച 65 പവന്‍ ഉള്‍പ്പെടെ 132 പവന്‍ സ്വര്‍ണമാണ് പി.എന്‍.ബിയുടെ മെയിന്‍ ബ്രാഞ്ചിനോട് ചേര്‍ന്ന ലോക്കറില്‍ നിന്ന് കാണാതായത്. 2012 നവംബര്‍ രണ്ടിനാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ലോക്കര്‍ തുറന്ന് കിടക്കുന്ന കാര്യം ബാങ്ക് അധികൃതര്‍ തന്നെയാണ് നിക്ഷേപകരെ അറിയിച്ചത്. ടൗണ്‍ പൊലീസ് ആണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഡി.സാലിയുടെ മകള്‍ക്ക് പുറമെ നഗരത്തിലെ വസന്തവിഹാര്‍ ഹോട്ടല്‍ ഉടമ ശരവണന്‍ ലോക്കറില്‍ സൂക്ഷിച്ച 24 പവനും നഷ്ടമായിരുന്നു. ഇത് കൂടാതെ പ്രവാസിയായ കല്ലായി സ്വദേശി മുസ്തഫയുടെ 43 പവനും ലോക്കറില്‍ നിന്ന് കാണാതാവുകയായിരുന്നു. ഇതില്‍ മുസ്തഫ സൂക്ഷിക്കാന്‍ ഏല്‍പിച്ച സ്വര്‍ണത്തില്‍ എട്ട് പവന്റെ സ്വര്‍ണനാണയങ്ങള്‍ മാത്രമാണ് പൊലീസിന് വീണ്ടെടുക്കാന്‍ സാധിച്ചത്. ബാങ്കിലെ ക്ലാര്‍ക്ക് പുതിയറ സ്രാമ്പിക്കല്‍പറമ്പ് അച്യുതത്തില്‍ അനില്‍കുമാറി(54)നെ ചോദ്യം ചെയ്തപ്പോഴാണ് എട്ടുപവന്‍ കണ്ടെടുക്കാന്‍ സാധിച്ചത്. കേസില്‍ അനില്‍കുമാറിനെയും ഭാര്യ മിനിറാണിയെയും അറസ്റ്റ് ചെയ്തിരുന്നു. തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ സാധിക്കാത്തത് പൊലീസിന് വിനയായി. ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തെങ്കിലും ഏറെ മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന അബ്ദുല്‍കരീമിനായിരുന്നു അന്വേഷണച്ചുമതല. പിന്നീട് പ്രത്യേക വിഭാഗത്തിന് കൈമാറി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ ഫോറന്‍സിക് വിഭാഗത്തിലേക്ക് അയച്ചിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലംമാറി പോയതോടെ അന്വേഷണം നിലച്ച മട്ടായി. പുതിയ ടീമുകള്‍ എത്തിയെങ്കിലും തണുപ്പന്‍മട്ടിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോയത്. അനില്‍കുമാര്‍ ആണ് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ കേസിന്റെ ഭാവി തികച്ചും അനിശ്ചിതത്വത്തിലാണ്. അനില്‍കുമാറിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. 26 ചോദ്യങ്ങളില്‍ 16നും ഇയാള്‍ കളവായ ഉത്തരമാണ് പറഞ്ഞതെന്ന് വ്യക്തമായിരുന്നു. നാര്‍ക്കോ അനാലിസിസ് പരിശോധനക്ക് പൊലീസ് തയാറായെങ്കിലും ഇയാള്‍ സന്നദ്ധനാകാത്തതിനാല്‍ ഉപേക്ഷിച്ചു. അസിസ്റ്റന്റ് മാനേജരും പ്യൂണ്‍ അനില്‍കുമാറുമാണ് ലോക്കറുകള്‍ കൈകാര്യം ചെയ്തിരുന്നത്. അന്വേഷണത്തിനിടെ അസിസ്റ്റന്റ് മാനേജര്‍ തൃശൂരിലെ വസതിയില്‍ ആത്മഹത്യ ചെയ്തു. ലോക്കറിന്റെ പൂട്ടുകള്‍ പരസ്പരം മാറ്റിയതായി പൊലീസ് കണ്ടെത്തിയിരുന്നു.